പ്രണയം വെള്ളത്തിലായില്ല, വാർപ്പിലേറി പൂവണിഞ്ഞു

Tuesday 19 October 2021 12:32 AM IST

ആലപ്പുഴ: പ്രണയസാഫല്യത്തിന് ആദ്യം ജാതിയും പിന്നീട് പേമാരിയും തടസ്സമായെങ്കിലും വധൂവരന്മാർ ചെമ്പിലേറിയതോടെ പ്രതിരോധം അനുഗ്രഹത്തിനു വഴിമാറി. തകഴി കരുമാടി സ്വദേശി ആകാശ് കുഞ്ഞുമോനും (26) അമ്പലപ്പുഴ സ്വദേശി ഐശ്വര്യ(22)യുമാണ് വെള്ളത്തിനുമീതെ ചെമ്പുവാർപ്പിലേറി അമ്പലനടയിലെത്തി താലിചാർത്തിയത്.

എടത്വാ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരാണിവർ. ഒരു വർഷത്തിലേറെ നീണ്ട പ്രണയം ഐശ്വര്യയുടെ വീട്ടിൽ അറിഞ്ഞതോടെ എതിർപ്പായി. ആത്മഹത്യയ്ക്കു ശ്രമിച്ച ഐശ്വര്യ ഒരാഴ്ചയോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഐശ്വര്യയെ ഈ മാസം 5ന് ആകാശ് വിളിച്ചിറക്കി കൊണ്ടുപോയി. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും ആകാശിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതോടെ ഇരുവരെയും ഒന്നിച്ചു വിട്ടയച്ചു. എസ്.എൻ.ഡി.പി യോഗം ശാഖയിലും പഞ്ചായത്തിലും വിവാഹം രജിസ്റ്റർ ചെയ്തെങ്കിലും തലവടി പനയന്നൂർ കാവ് ദേവീ ക്ഷേത്രത്തിൽവച്ച് താലിചാർത്തണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. തുലാം 2ന് മുഹൂർത്തവും കുറിച്ചു. പെരുമഴയിൽ ക്ഷേത്രം വെള്ളത്തിലായതോടെ വിവാഹം മറ്റിവയ്ക്കണമോയെന്ന് അധികൃതർ ചോദിച്ചെങ്കിലും നാളെ ഇരുവർക്കും ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ വിവാഹം നടത്താൻ തീരുമാനിച്ചു.

വധൂവരന്മാ‌ർ കാർ മാർഗം പനയന്നൂർ കാവ് ജംഗ്ഷനിൽ എത്തിയപ്പോഴാണ് പ്രയാസം ബോദ്ധ്യമായത്. കല്യാണ മണ്ഡപം ഒഴികെ മറ്റെല്ലാ സ്ഥലവും വെള്ളത്തിൽ മുങ്ങിനൽക്കുന്നു. പകച്ചുനിന്ന ബന്ധുക്കളോട് തലവടി ബ്ലോക്ക്പഞ്ചായത്തംഗം അജിത് പിഷാരത്ത് ചെമ്പുവാർപ്പിൽ വധൂവരന്മാരെ കയറ്റി ക്ഷേത്രത്തിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചു. തുടർന്ന് ക്ഷേത്ര ഭാരവാഹികളും ബന്ധുക്കളും ചേർന്ന് അവിടെ പാചകപ്പുരയിലുണ്ടായിരുന്ന ചെമ്പുവാർപ്പിൽ ഇരുവരെയും കയറ്റി 300 മീറ്ററിലേറെ ദൂരം താണ്ടി മണ്ഡപത്തിലെത്തിച്ചു. താലികെട്ടുകഴിഞ്ഞ് അതേ വാർപ്പിൽ ക്ഷേത്രത്തിൽ വലംവച്ച് തൊഴുതശേഷമാണ് ഐശ്വര്യയുടെ കൈ പിടിച്ച് ആകാശ് വീട്ടിലേക്കു മടങ്ങിയത്.

കുഞ്ഞുകല്യാണം

കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലാണ് ക്ലീനിംഗ് സ്റ്റാഫായ ആകാശും നഴ്സിംഗ് അസിസ്റ്റന്റായ ഐശ്വര്യയും ഇപ്പോൾ ജോലി ചെയ്യുന്നത്. അകാശിന്റെ അച്ഛൻ കുഞ്ഞുമോൻ, അമ്മ രാധിക, സഹോദരങ്ങളായ അഞ്ജന, അഭിരാമി, സഹോദരി ഭർത്താവ് യദുകൃഷ്ണ,​ ഏതാനും ബന്ധുക്കൾ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്.

"

അപ്രതീക്ഷിതമായാണ് ക്ഷേത്രത്തിൽ വെള്ളം കയറിയത്. ആദ്യമായി ചെമ്പിൽ കയറി വിവാഹമണ്ഡപത്തിലെത്തിയ വധൂവരന്മാർ ഞങ്ങളാവും.

ആകാശ് കുഞ്ഞുമോൻ

Advertisement
Advertisement