കുറ്റവാളികൾക്കിത് കഷ്ടകാലം, സ്മാർട്ടാകാൻ ദുബായ് പൊലീസ്, വിരലടയാളം പകർത്താൻ പുതിയ ഉപകരണം

Monday 18 October 2021 11:43 PM IST

ദുബായ്: കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വിരലടയാളം കണ്ടെത്താനും താരതമ്യത്തിനായി വിരലടയാള വകുപ്പിലെ കേന്ദ്രീകൃത ബയോമെട്രിക്സ് ഡാറ്റാബേസിലേക്ക് ഇലക്ട്രോണിക് ആയി അയയ്ക്കാനും ഉപകരണം വികസിപ്പിച്ചെടുത്ത് ദുബായ് പൊലീസ്. ഈ സ്മാർട്ട് ഉപകരണത്തിന്റെ വരവോടെ കുറ്റവാളികളെ പിടികൂടുന്നതിനുള്ള സമയം കുറയ്ക്കുന്നതിന് കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജെലാറ്റിൻ അധിഷ്ഠിത പരമ്പരാഗത രീതിയിൽ നിന്നും ഈ ഉപകരണം സുപ്രധാന നവീകരണം സാദ്ധ്യമാക്കുന്നു. കേസുകൾ പരിഹരിക്കുന്നതിനും അന്വേഷണങ്ങളിൽ ഉറച്ച തെളിവുകൾ നൽകുന്നതിനും ഇവ പിന്തുണയ്ക്കും. കൂടാതെ നീതി നടപ്പാക്കാൻ ജുഡീഷ്യൽ അധികാരികൾക്ക് വിശ്വസനീയമായ ശാരീരിക തെളിവുകൾ നൽകുകയും ചെയ്യുമെന്നും ജനറൽ ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ ഡയറക്ടർ മേജർ ജനറൽ ഡോ. അഹമ്മദ് ഈദ് അൽ മൻസൂരി പറഞ്ഞു.

പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിരലടയാളങ്ങൾ പരിശോധിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനുമായി 2018 മുതൽ ഉപകരണം വികസിപ്പിച്ചുവന്നതായി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് മത്താർ അൽ മുഹൈരി പറഞ്ഞു. ഉയർന്ന താപനിലയിൽ പലപ്പോഴും പരാജയപ്പെടുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, പുതുതായി വികസിപ്പിച്ച ഉപകരണം അങ്ങേയറ്റത്തെ താപനിലയിൽ നന്നായി പ്രവർത്തിക്കുന്നു. ഈ ഉപകരണത്തിൽ 10എക്സ് ലെൻസും അൾട്രാവയലറ്റ് ബീമുകളും മെച്ചപ്പെട്ട കൃത്യതയ്ക്കായി സജീകരിച്ചിരിക്കുന്നതായും അൽ മുഹൈരി വ്യക്തമാക്കി.