ഉത്പന്നങ്ങൾ വിൽക്കാം, ഓൺലൈനായി

Tuesday 19 October 2021 12:56 AM IST

കൊച്ചി: കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സർക്കാർ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും വനിതാ സംരംഭകർക്ക് പ്രത്യേക പ്രോത്സാഹനം നൽകുമെന്നും മന്ത്രി പി. രാജീവ്. പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി പ്രകാരം സ്വയംസഹായ സംഘാംഗങ്ങൾക്കുള്ള സീഡ് കാപിറ്റൽ ധനസഹായം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി 1440 കുടുംബശ്രീ സംരംഭകർക്ക് സീഡ് കാപിറ്റൽ ധനസഹായമായി 4, 30, 51,096 രൂപ മന്ത്രി പി. രാജീവ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിനിക്ക് കൈമാറി. 14 ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകർക്കാണ് ധനസഹായം നൽകിയത്.

പി.എം.എഫ്.എം.ഇ പദ്ധതി പ്രാകാരം സ്വയംസഹായ സംഘങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഓരോ അംഗത്തിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭിക്കും. ഭക്ഷ്യ സംസ്‌കരണ സംരംഭം നടത്തുന്ന ഒരു എസ്.എച്ച്.ജി അംഗത്തിന് 35ശതമാനം ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡിയും പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. എസ്.എച്ച്.ജി ഫെഡറേഷന്റെ മൂലധന നിക്ഷേപത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റോടു കൂടെ 35ശതമാനം സബ്‌സിഡിയും ലഭിക്കും.

തൃശ്ശൂർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന്റെ തലവൻ ഡോ. കെ.പി. സുധീർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ ഡയറി എക്സ്റ്റൻഷൻ ഓഫീസർ സി.എസ്. രതീഷ് ബാബു, വാഴക്കുളം പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി. മായ എന്നിവർ ക്ലാസുകൾ നയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ. പി.എം. എഫ്.എം.ഇ സംസ്ഥാന നോഡൽ ഓഫീസർ രാജമാണിക്യം, വ്യവസായ വാണിജ്യ ഡയറക്ടർ കെ.ബിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോർ , കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.എബ്രഹാം , കെ.ബിപ്പ് സി.ഇ.ഒ. എസ്. സൂരജ് എന്നിവർ സംസാരിച്ചു.