മഴയില്ലാത്ത പകലിലും നിറയെ കെടുതികൾ

Tuesday 19 October 2021 12:25 AM IST
മൺറോത്തുരുത്തിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ

കൊല്ലം: മഴ ഇന്നലെ അകന്നു നിന്നെങ്കിലും ദുരിബാധിത മേഖലകളിൽ ജനജീവിതം താറുമാറായി. തുടർച്ചയായ മഴയ്ക്ക് പിന്നാലെ തെൻമല ഡാമിന്റെ മൂന്നു ഷട്ടറുകൾ 160 സെന്റീമീറ്റർ ഉയർത്തിയത് കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ ഇടയാക്കി.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ ഇത്തിക്കരയാറ്റിലും ജലനിരപ്പ് ഉയർത്തി. ഇതോടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മഅടുത്ത ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാവുമെന്ന കാലാവസ്ഥാ പ്രവചനം ഈ മേഖലകളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ മൺറോ തുരുത്തിലാണ് കെടുതികൾ ഏറെയും. ഇരുനൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. അഞ്ചു വാർഡുകളിൽ ജനജീവിതം ദുസഹമാണ്.രണ്ടു ക്യാമ്പുകൾ ഇവിടെ തുറന്നിട്ടുണ്ട്.

ഇതിനിടെ തെൻമല ഡാമിന്റെ ഷട്ടറുകൾ ഇന്നലെ 20 സെന്റീമീറ്റർ താഴ്ത്തിയിരുന്നു. ജില്ലയിലെ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ അർക്കോണം നാലാം ബറ്റാലിയനാണ് ജില്ലയിലുള്ളത്. 20 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇവർ ഇന്നലെ മൺറോതുരുത്ത് സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. തെൻമല അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കിൽ മാറ്റുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കലാണ് സേനയുടെ പ്രഥമ ദൗത്യം. താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും സംഘത്തിന്റെ സേവനം വിനിയോഗിക്കും. ജില്ലാതലത്തിൽ നടത്തുന്ന വിവിധ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായും ഇവർ പ്രവർത്തിക്കും. അതത് മേഖലകളിലെ തഹസിൽദാർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപന ഭാരവാഹികളും സംഘത്തിന്റെ പ്രവർത്തനവുമായി സഹകരിക്കുമെന്ന്

കളക്ടർ അഫ്സാന പർവീൺ അറിയിച്ചു.

Advertisement
Advertisement