പ്രാർത്ഥനകൾ വിഫലം, ആ കുരുന്നു ജീവൻ പൊലിഞ്ഞു

Tuesday 19 October 2021 12:00 AM IST

കൊല്ലം: നാടിന്റെ പ്രാർത്ഥന മുഴുവൻ വിഫലമാക്കി, മൂന്നു വയസുകാരനായ നാടോടി ബാലൻ രാഹുലിന്റെ മൃതദേഹം കണ്ടെത്തി. മാതാപിതാക്കൾ അന്യനാട്ടുകാരാണെങ്കിലും കുഞ്ഞിന്റെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ നാടൊന്നാകെ വിതുമ്പി.

മൈസൂരു സ്വദേശികളായ വിജയൻ -ചിങ്കു ദമ്പതികളുടെ മകനായ രാഹുലിനെ വെള്ളിയാഴ്ച രാത്രി 10ഓടെ മഴസമയത്ത് കാണാതായ വിവരമറിഞ്ഞപ്പോൾത്തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. ദമ്പതികളും മക്കളും സ്ഥിരം അന്തിയുറങ്ങുന്ന സ്ഥലത്തിനടുള്ള തോട്ടിൽ പൊലീസും ഫയർഫോഴ്സും സ്കൂബാ ടീമുമടക്കം അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല. കുഞ്ഞിനെ എവിടെനിന്നെങ്കിലും ജീവനോടെ കണ്ടെത്താനാവുമെന്നായിരുന്നു പ്രതീക്ഷ. മന്ത്രി കെ.എൻ.ബാലഗോപാലും നഗരസഭ ചെയർമാൻ എ. ഷാജുവും മറ്റ് ജനപ്രതിനിധികളുമൊക്കെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെത്തിയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്നലെ രാവിലെ രാഹുലിന്റെ മൃതദേഹം തോട്ടിൽ നിന്നു കണ്ടെത്തിയത്.

കട്ടയിൽ ഭാഗത്ത് മരങ്ങളും മറ്റും നിറഞ്ഞ പ്രദേശത്തോടു ചേർന്നാണ് മൃതദേഹം കമിഴ്ന്നുകിടന്നിരുന്നത്. മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. നിറഞ്ഞൊഴുകിയ തോട്ടിലേക്ക് കുട്ടി വീണതാകാമെന്ന നിഗമനത്തിൽത്തന്നെയാണ് എല്ലാവരും. കുട്ടിയുടെ മൃതദേഹം റോഡരികിലാണ് സംസ്കരിച്ചത്. എല്ലാ വർഷവും നെല്ലിക്കുന്നത്ത് എത്തുന്ന കുടുംബമാണിത്. നന്നായി മലയാളം സംസാരിക്കുന്ന ഇവർക്ക് നെല്ലിക്കുന്നത്ത് പരിചയക്കാരും ഉണ്ട്. മകനെ കാണാതായപ്പോൾ മുതൽ അമ്മ ചിങ്കു നിലവിളിയായിരുന്നു. ഇന്നലെ മൃതദേഹം കണ്ടെത്തിയതോടെ അമ്മയെ ആശ്വസിപ്പിക്കാൻ നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. 15 വർഷം മുൻപ് സമാന സംഭവം നെല്ലിക്കുന്നത്ത് ഉണ്ടായിരുന്നു.

Advertisement
Advertisement