മഴ: അടൂരിൽ കനത്ത നാശം

Tuesday 19 October 2021 12:40 AM IST

അടൂർ : ശക്തമായ മഴയിൽ അടൂർ താലൂക്കിൽ വ്യാപകനാശനഷ്ടം. പലപാടശേഖരങ്ങളിലും കാർഷികവിളകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇടിമിന്നലിൽ താലൂക്കിൽ എട്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏഴെണ്ണം കുരമ്പാല വില്ലേജിലും ഒരെണ്ണം ഏനാദിമംഗലത്തുമാണ്. മരംവീണും തുടർച്ചയായ മഴയെ തുടർന്ന് ഇടിഞ്ഞുവീണും ഇരുപതോളം വീടുകൾക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. നഗരസഭയിലെ പന്നിവിഴ മുരിക്കനാൽ തങ്കച്ചന്റെ വീടിന്റെ അടുക്കളഭാഗം കനത്തമഴയെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ തകർന്നുവീണു. വലിയശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് അപകടം മനസിലാക്കിയത്. കുടുംബാംഗങ്ങൾ നാലുപേരും സുരക്ഷിതരാണ്. കഴിഞ്ഞ ദിവസം നഗരസഭ പതിനഞ്ചാം വാർഡിൽപ്പെട്ട പറക്കോട് തറയിൽ പുത്തൻവീട്ടിൽ കെ. ഗോപിയുടെ വീടിന്റെ അടുക്കള ഭാഗവും ഞായറാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ ഇടിഞ്ഞുവീണു. കൃഷിനാശമാണ് കർഷകരെ വലച്ചിരിക്കുന്നത്. കുന്നിടഭാഗത്ത് കനത്ത മഴയെ തുടർന്ന് വെറ്റില, പച്ചക്കറി, വാഴ എന്നീ കാർഷിക വിളകൾക്കാണ് നാശം. കുന്നിട പ്രദീപ് ഭവനിൽ പ്രസന്നന്റെ ലൂക്കോസ് മുക്കിലുള്ള ഏലായിലെ വെറ്റില, രതീഷ് ഭവനിൽ രാമചന്ദ്രന്റെ പച്ചക്കറി കൃഷി, വാഴവേലിൽ സത്യന്റെ വാഴ, കിഴങ്ങുവിളകൾ എന്നിവയും നശിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ പാടശേഖരങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. വിതച്ച നെൽവിത്തുകളെല്ലാം വെള്ളത്തിൽ ഒലിച്ചു പോവുകയും ചെളികയറി മൂടുകയും ചെയ്തു. മികച്ച വിളവെടുപ്പ് പ്രതീക്ഷിച്ച് കർഷകർ നടത്തിയ അദ്ധ്വാനമാണ് വെള്ളംകൊണ്ടുപോയത്. താലൂക്കിൽ ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പന്തളത്ത് അഞ്ചും തുമ്പമൺ പഞ്ചായത്തിൽ മൂന്നും അങ്ങാടിക്കൽ, കടമ്പനാട് എന്നിവിടങ്ങളിൽ ഒന്നു വീതവും കുരമ്പാലയിൽ രണ്ടും ക്യാമ്പുകൾ തുറന്നു. ദുരിതബാധിത പ്രദേശങ്ങളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisement
Advertisement