ഇന്ധന, ഗ്യാസ് വില വർദ്ധനയ്ക്കെതിരെ ബി.ഡി.ജെ.എസ്

Tuesday 19 October 2021 1:08 AM IST
ചേർത്തല ട്രാവൻകൂർ പാലസിൽ ബി.ഡി.ജെ.എസ്.സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന് തുടക്കം കുറിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ദീപം തെളിക്കുന്നു

ചേർത്തല: കൊവിഡ് കാലത്ത് പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്ന ഇന്ധന - പാചക വാതക വില വർദ്ധനയിൽ ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം പ്രതിഷേധിച്ചു. അടിക്കടിയുള്ള വില വർദ്ധനയിലൂടെ എക്‌സൈസ് തീരുവയായി കോടികളാണ് സർക്കാരുകൾക്ക് ലഭിക്കുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഇളവുകൾ വഴി ആശ്വാസവും കരുതലും നൽകേണ്ടതിന് പകരം, പിടിച്ചുപറിക്കാരന്റെ രീതിയാണ് ഭരണകർത്താക്കൾ സ്വീകരിക്കുന്നത്. പെട്രോൾ - ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തി ജനങ്ങളെ നികുതിഭാരത്തിൽനിന്ന് മോചിപ്പിക്കണം. പ്രളയക്കെടുതി നേരിടുന്നവർക്ക് അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം. തുഞ്ചത്തെഴുത്തച്ഛന്റെ പൂർണകായ പ്രതിമ തിരൂരിൽ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ശബരിമല മേൽശാന്തി നിയമനത്തിൽ സാമൂഹ്യനീതി നടപ്പാക്കാതെ ദേവസ്വം ബോർഡ് ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന യോഗത്തിൽ പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉപാദ്ധ്യക്ഷന്മാരായ സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ, കെ. പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, അനിരുദ്ധ് കാർത്തികേയൻ, എ.എൻ. അനുരാഗ്, പൈലി വാത്യാട്ട്, ജനറൽ സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, തഴവ സഹദേവൻ, അജി എസ്.ആർ.എം, പി.എസ്. ജ്യോതിസ് ചേർത്തല എന്നിവർ പങ്കെടുത്തു. പതിനാല് ജില്ലാ പ്രസിഡന്റുമാരും സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.

ഡിസംബർ 10 മുതൽ ജില്ലാസമ്മേളനങ്ങൾക്ക് തുടക്കമാകും. സംസ്ഥാന വൈസ് പ്രസിഡന്റായി കെ.വി. സദാനന്ദൻ (തൃശൂർ), ജനറൽ സെക്രട്ടറിയായി പി.​ടി. മന്മഥൻ (ചേർത്തല), സംസ്ഥാന സെക്രട്ടറിയായി പ്രദീപ് ലാൽ (കായംകുളം) എന്നിവരെ തിരഞ്ഞെടുത്തു.