ആലുവയിൽ കേരളത്തിന്റെ സ്വന്തം സൈന്യമിറങ്ങി, 2018 ആവർത്തിക്കില്ലെന്ന് ഉറപ്പാണെങ്കിലും മുൻകരുതൽ സ്വീകരിച്ച് ജില്ലാ ഭരണകൂടം
കൊച്ചി : കേരളത്തിന്റെ സൈന്യം, കടലിനോട് മല്ലടിച്ച് അന്നം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളിക്ക് ഈ പേര് ചാർത്തി നൽകിയത് 2018ലെ പ്രളയത്തിൽ നിരവധി ജീവനുകളെ കൈ പിടിച്ച് രക്ഷിച്ചതോടെയാണ്. 2018ലെ അത്രയും ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജീല്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളെ എത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നൊരുക്കം. ഇടുക്കിയിൽ നിന്നും എത്തുന്ന അധിക ജലം പെരിയാറിലൂടെ വൈകിട്ടോടെ ആലുവയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 2018ൽ തുറന്ന് വിട്ടതിന്റെ പത്തിനൊന്ന് വെള്ളം മാത്രമാണ് ഇന്ന് ഇടുക്കിയിൽ നിന്നും ഒഴുക്കി വിട്ടിട്ടുള്ളത്. അതിനാൽ തന്നെ അപകട സാദ്ധ്യതയില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ.
2018ലെ പ്രളയ സമയത്ത് വെള്ളം കയറിയ ആലുവയുടെ താഴ്ന്ന മേഖലകളിൽ പത്ത് ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികൾ സജ്ജരായിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടെ എത്തും. ചെല്ലാനം, വൈപ്പിൻ, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെ എത്തിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടാകുന്ന പക്ഷം ഞൊടിയിടയിൽ ആളുകളെ ബോട്ടിലേറ്റി ഇവർ രക്ഷപ്പെടുത്തും. ജീവൻ പണയപ്പെടുത്തിയും 2018ലെ മഹാപ്രളയത്തിൽ നൂറ് കണക്കിന് പേരെ രക്ഷിച്ചതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം മത്സ്യത്തൊഴിലാളികൾക്ക് ചാർത്തി നൽകിയത്. പിന്നീടും പലപ്പോഴും പ്രളയസാദ്ധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ സേവനം ഭരണകൂടം തേടിയിട്ടുണ്ട്.