പ്ലസ് വൺ മൂല്യനിർണയം: അദ്ധ്യാപകർക്ക് ആശങ്ക

Wednesday 20 October 2021 12:00 AM IST

കൊച്ചി: പ്ലസ് വൺ മൂല്യനിർണയ ക്യാമ്പിലെ ജീവനക്കാരെ വെട്ടിച്ചുരുക്കിയതിന് പിന്നാലെ അദ്ധ്യാപകർക്ക് അമിത ഡ്യൂട്ടി നൽകി ഹയർസെക്കൻ‌ഡറി പരീക്ഷാ വിഭാഗം. പ്രതിദിനം രണ്ടു സെക്ഷനുകളിലായി ഒരാൾ 26 പേപ്പറുകളേ മൂല്യനിർണയം നടത്താവൂവെന്നാണ് ചട്ടം. അവധിയിലുള്ള അദ്ധ്യാപകരുടെ പേപ്പറുകൾ കൂടി ഡ്യൂട്ടിയിലുള്ളവർ മൂല്യ നിർണയം നടത്തണമെന്നാണ് പരീക്ഷാ സെക്രട്ടറിയുടെ പുതിയ ഉത്തരവ്. സമയത്തിന്റെ അപര്യാപ്തത മൂല്യ നിർണയത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
ഒരു ചീഫിനെ കൂടാതെ അഞ്ച് അദ്ധ്യാപകരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. പുത്തൻ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലെ അഞ്ച് അദ്ധ്യാപകർ അവധിയിലിരിക്കുന്ന ആളുടെ പേപ്പറുകൾ വീതിച്ചെടുക്കണമെന്നാണ് ചട്ടം. കൂടുതൽ പേപ്പറുകൾ ഒരു അദ്ധ്യാപകൻ മൂല്യ നിർണയം നടത്തുന്നത് പരാതിക്കിടയാക്കും. ഇന്നു മുതൽ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും. പ്ലസ് വൺ പരീക്ഷകൾ പൂർണമായും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് മൂല്യ നിർണയം നടത്താനൊരുങ്ങുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ മൂല്യ നിർണയ ക്യാമ്പുകളെ കുറിച്ചും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നില്ല.

സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക. ക്യാമ്പുകളിൽ 300 നും 500 നും ഇടയിൽ അദ്ധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഒപ്പിടുന്ന അദ്ധ്യാപകന്
അധിക ചുമതല

മൂല്യനിർണയത്തിന് ഹാജരാകാത്ത അദ്ധ്യാപകൻ നോക്കേണ്ട പേപ്പറുകൾ ബാക്കി നാല് പേർക്കായി വീതിച്ചു നൽകുമ്പോൾ പായ്ക്കറ്റ് കൈപ്പറ്റിയതായി ഒപ്പിടേണ്ടി വരുന്നത് ഒരു അദ്ധ്യാപകൻ മാത്രമാണ്. മറ്റാരുടെയെങ്കിലും പേരിൽ ഉണ്ടാകുന്ന കൈപ്പിഴയ്ക്ക് ഒപ്പിടുന്ന അദ്ധ്യാപകൻ ഉത്തരവാദിയാവും.

ക്യാമ്പ് ക്ലാർക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ടാബുലേഷൻ ക്യാമ്പ് ഓഫീസർ തുടങ്ങിയ ചുമതലയുള്ളവരെ ക്യാമ്പ് ഡ്യൂട്ടിൽ നിന്ന് ഒഴിവാക്കിയത് പ്രതിസന്ധി സൃഷ്ടിക്കും. ക്യാമ്പ് സംഘടിപ്പിക്കുന്നതിലും മാർക്ക് അപ് ലോഡ് ചെയ്യുന്നതിനും പ്രശ്‌നമുണ്ടാക്കും. മുല്യനിർണ്ണയത്തിലെ കാര്യക്ഷമത ഇല്ലാതാക്കുന്ന അപ്രായോഗികമായ നിർദ്ദേശങ്ങൾ പിൻവലിക്കണം.ആവശ്യത്തിന് ജീവനക്കാരെ നൽകണം.

എസ്. മനോജ്, ജനറൽ സെക്രട്ടറി,എ.എച്ച്.എസ്.ടി.എ

ഹയർ സെക്കൻഡറിയുടെ മൂല്യനിർണയം യഥാസമയം കൃത്യനിഷ്ഠയോടെ പൂർത്തീകരിക്കാനായി ഇത്തരം വിവാദ സർക്കുലറുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും ഫെഡറേഷന്റെ നേതൃത്വത്തിൽ ആദ്യദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
അനിൽ എം.ജോർജ്, കൺവീനർ, ഫെഡറേഷൻ ഒഫ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ

Advertisement
Advertisement