ഏറ്റെടുത്ത സ്ഥലത്ത് വ്യവസായ പാർക്കിന് ശ്രമം: കണ്ണൂർ സൈബർ പാർക്ക് പാഴ്‌വാഗ്‌ദാനമായി

Wednesday 20 October 2021 12:26 AM IST

കണ്ണൂർ : മലബാറിന്റെ ഐ.ടി വികസന സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി, പത്തു വർഷം പിന്നിട്ടിട്ടും തറക്കല്ലിൽ നിന്നുയരാതെ കണ്ണൂർ എരമം സൈബർ പാർക്ക്. വി.എസ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് മതിൽക്കെട്ടിനുള്ളിൽ കാടുപിടിച്ച് കിടക്കുന്നത്. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ച‌ർച്ച നടന്നെങ്കിലും മുന്നോട്ടു പോയില്ല.

തിരുവനന്തപുരം ടെക്‌നോ പാർക്കും കൊച്ചി ഇൻഫോ പാർക്കും പോലെ മലബാറിൽ സൈബർ പാർക്കും എന്നായിരുന്നു പ്രഖ്യാപനം. സൈബർ പാർക്ക്‌ ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഒരു സി.ഇ.ഒയെയും നിയമിച്ചതാണ്. 2010ലാണ് പയ്യന്നൂർ മണ്ഡലത്തിലെ എരമം പുല്ലുപാറ സൈബർ പാർക്കിന് തറക്കല്ലിട്ടത്. മിച്ചഭൂമി ഏറ്റെടുത്തതിൽ 25 ഏക്കറാണ് ഇതിനായി കണ്ടെത്തിയത്.

കണ്ണൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായതിനാൽ സൈബർ പാർക്കിന് അനുയോജ്യമല്ലെന്നും പകരം വ്യവസായ പാർക്ക് തുടങ്ങിയാലോ എന്നുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ ആലോചന. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് മാസം മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു.

 നഗരം വിട്ട് ദൂരെ ദൂരെ

പാർക്കിലേക്ക് റോഡ് നിർമിക്കാൻ സ്ഥലം അക്വയർ ചെയ്തു. വലിയ ചുറ്റുമതിലും നിർമ്മിച്ചു. ഒരു കോടിയോളം രൂപ പശ്ചാത്തല സൗകര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചപ്പോഴാണ് സ്ഥലം സൈബർ പാർക്കിന് പറ്റില്ലെന്ന് അധികൃതർക്ക് ബോദ്ധ്യമായത്. ചെറു നഗരത്തിന്റെ സാന്നിദ്ധ്യം പോലും അടുത്തെങ്ങുമില്ല. വിവിധ സോഫ്ട്‌വെയർ കമ്പനികൾ ഇത്തരമൊരു സ്ഥലത്ത് കമ്പനികൾ തുടങ്ങുന്നതിനോട് ഇക്കാരണം കൊണ്ട് മുഖംതിരിച്ചു.

 കണ്ണൂർ എയർപോർട്ടിലെത്താൻ- 60 കിലോമീറ്റർ

 പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക്- 30 കിലോമീറ്റർ

'വ്യവസായ പാർക്ക് ആരംഭിക്കാൻ അനുയോജ്യ സ്ഥലമാണ്. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

- ടി. ഒ. ഗംഗാധരൻ,​ ജനറൽ മാനേജർ"

ജില്ലാ വ്യവസായ കേന്ദ്രം

'സ്ഥലം വ്യവസായ പാർക്കിനായി കൈമാറും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്".

- ടി. ഐ. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ

'സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണ് സൈബർ പാർക്ക്. പുല്ല് വളർത്താൻ മാത്രം അനുയോജ്യമായ സ്ഥലമാണിത്".

- കെ. ബ്രിജേഷ്‌കുമാർ, ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി