സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത്, ജനുവരി മുതൽ ഒക്ടോബർ മൂന്നുവരെ 301 കേസുകൾ

Wednesday 20 October 2021 12:00 AM IST

മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത്. ജനുവരി മുതൽ ഒക്ടോബർ മൂന്നുവരെ 301 പോക്‌സോ കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ഇരകളായ മറ്റ് 40 കേസുകൾ കൂടിയുണ്ട്. ഇതടക്കം 384 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം മുൻവർഷങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ട്. 2018ൽ 462, 2019ൽ - 524, 2020ൽ - 491 എന്നിങ്ങനെ കേസുകളാണ് ഉണ്ടായിരുന്നത്. പോക്‌സോ കേസുകൾ സംബന്ധിച്ച അവബോധം കൂടിയതും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഉണർന്നുള്ള പ്രവർത്തനങ്ങളുമാണ് പോക്‌സോ കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ കാരണം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യയിൽ മുന്നിലാണെന്നതും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമായി ചൈൽഡ് ലൈൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കേസിൽ മുന്നിൽ ഇവർ

മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 301 കേസുകളാണ് ഇവിടെയുള്ളത്. തിരുവനന്തപുരം റൂറലിൽ 232ഉം സിറ്റിയിൽ 69 കേസുകളുമുണ്ട്. തൊട്ടുപിന്നിൽ കൊല്ലം ജില്ലയാണ്. ഇവിടെ 231 കേസുകളുണ്ട്. തൃശൂർ - 218, എറണാകുളം - 211, കോഴിക്കോട് 202 എന്നിങ്ങനെയാണ് കൂടുതൽ കേസുകളുള്ള മറ്റു ജില്ലകൾ. സംസ്ഥാനത്ത് ആകെ 2,501 പോക്‌സോ കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ കൂട്ടികൾ ഇരകളായ 550 കേസുകളുമുണ്ട്. ഇതിൽ 992 പോക്‌സോ കേസുകളിലാണ് പൊലീസ് ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിട്ടുള്ളത്.

തീർപ്പാക്കണം വേഗത്തിൽ

ജില്ലയിലെ 600ഓളം പോക്‌സോ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഒരുകേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടപടികൾ നീളുന്നതാണ് കേസുകൾ തീ‌ർപ്പാക്കുന്നത് വൈകിക്കുന്നത്.

ജില്ലയിൽ നേരത്തെ മഞ്ചേരിയിൽ മാത്രമാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്ന കോടതി ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെ സംസ്ഥാനത്ത് 28 സ്‌പെഷൽ പോക്‌സോ കോടതികൾ സ്ഥാപിച്ചപ്പോൾ ഇതിൽ മൂന്നെണ്ണം മലപ്പുറത്താണ്. തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ കോടതികൾ സ്ഥാപിച്ചത്. മഞ്ചേരിയിലെ പോക്‌സോ കോടതിക്ക് പുറമെയാണിത്. പുതിയ കോടതികളുടെ വരവ് കേസുകൾ വേഗത്തിൽ പരിഗണിക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ മുൻവർഷങ്ങളിലെ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നതാണ് വെല്ലുവിളി.

Advertisement
Advertisement