മൃതദേഹം അലന്റേതെന്ന് തിരിച്ചറിഞ്ഞു
Tuesday 19 October 2021 11:19 PM IST
മുണ്ടക്കയം: പ്ലാപ്പള്ളി ഉരുൾ പൊട്ടലിൽ കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം ആറ്റുകാലിൽ ജോമിയുടെ മകൻ അലന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് ഏന്തയാർ സെന്റ് മേരീസ് പളളിയിൽ നടക്കും.
ഉരുൾപൊട്ടലിൽ അലൻ ഉൾപ്പെടെ നാല് പേർ മരിച്ചെന്ന നിഗമനത്തിൽ നടത്തിയ തെരച്ചിലിൽ അഞ്ചാമതൊരാളുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പൊലീസിനെയും പ്രദേശവാസികളെയും വലയ്ക്കുകയാണ്. പ്രദേശത്തു നിന്ന് മാറ്റാരെയെങ്കിലും കാണാതായതായി അറിയില്ല. ഡി.എൻ.എ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഈ ശരീരാവശിഷ്ടങ്ങൾ ബന്ധുക്കളെത്തുന്നതു വരെയോ, മൂന്ന് ദിവസം കഴിഞ്ഞാലോ പോസ്റ്റുമോർട്ടം നടത്തി അജ്ഞാത മൃതദേഹമെന്ന നിലയിൽ മറവ് ചെയ്യും.