സ്കൂൾ തുറക്കൽ: സ്ഥിതിഗതികൾ വിലയിരുത്തി
കൊണ്ടോട്ടി: സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി.വി. ഇബാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മണ്ഡലത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു. കൊണ്ടാട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർക്ക് പുറമെ വിദ്യാഭ്യാസവകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യം, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഒരോ സ്‌കൂളിലും പൂർത്തിയാകേണ്ട മുന്നൊരുക്കങ്ങൾക്ക് മാർഗ്ഗരേഖ അവതരിപ്പിച്ചു. സ്‌കൂൾ ശുചീകരണം, പരിസര ശുചീകരണം, കുടിവെള്ളം, കിണർ എന്നിവയുടെ പരിശോധന, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ്, സാനിറ്റെസർ അടക്കമുള്ള ആരോഗ്യ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവ സ്‌കൂൾ അധികൃതർ വിവിധ മേഖലയിൽ നിന്നുള്ളവരുടെ സഹായത്തോടെ ഉറപ്പാക്കാൻ നിർദ്ദേശിച്ചു.