കുന്നുമ്പുറത്തെ സർക്കാർ സ്കൂളിൽ നാട്ടുകാർക്കായി ലൈബ്രറി
മുക്കം: മലയോരത്ത് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽ.പി സ്കൂളിൽ നാട്ടുകാർക്കായി ലൈബ്രറി ഒരുങ്ങി. നീണ്ട ഇടവളയ്ക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി 'നാട്ടുനന്മ വായനക്കൂട്ടം' പദ്ധതിയിലൂടെ അദ്ധ്യാപകരുടെയും പി.ടി.എ യുടെയും പരിശ്രമത്തിൽ പൊതുലൈബ്രറി യാഥാർത്ഥ്യമാക്കുകയായിരുന്നു.
അലമാരയും പുസ്തകങ്ങളുമായി അര ലക്ഷത്തോളം രൂപയുടെ പദ്ധതി പ്രവർത്തികമാക്കിയത് മുക്കം അനാർക് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ്, ചേന്ദമംഗലൂർ ഫ്രഷ്ഡേ സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ്. ഈ സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ റേഞ്ച് വല്ലപ്പോഴും എത്തുന്ന വിരുന്നുകാരൻ മാത്രമായപ്പോൾ, കൊവിഡ് വേളയിൽ അദ്ധ്യാപകർ ഗൃഹസന്ദർശനത്തിലൂടെയും മറ്റും പാഠഭാഗങ്ങൾ തീർക്കാൻ തുണയ്ക്കുകയായിരുന്നു.
എഴുത്തുകാരനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗവുമായ വിജീഷ് പരവരി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് അംഗം ജോണി വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യാപക - രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോഷി ജോസ് ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം ബോബി പി.ടി.എ പ്രസിഡന്റ് ഡെന്നീസ് ചോക്കാട്ടിന് കൈമാറി നിർവഹിച്ചു. അനാർക് ആൻഡ് ഫ്രഷ്ഡേ മാനേജർ തമാം മുബാരിസ്, മാതൃസമിതി ചെയർപേഴ്സൺ രജിത ദിലീപ്, പി.ടി.എ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കന്നുവള്ളി, ടി.കെ.ജുമാൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ മുസ്തഫ ചേന്ദമംഗലൂർ സ്വാഗതവും കെ.കെ.രതില നന്ദിയും പറഞ്ഞു.