പി.സി. വിനോദ് ചിത്രകലാ പുരസ്‌കാരം നവമി ജയകുമാറിന്
Tuesday 19 October 2021 11:28 PM IST
കൊല്ലം: ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായിരുന്ന പി.സി. വിനോദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ചിത്രകലാ പുരസ്‌കാരം യുവ ചിത്രകാരി നവമി ജയകുമാറിന്. യുവ ശില്പി പ്രദീപ് ശശി രൂപകല്പന ചെയ്ത ശില്പവും 10,001 രൂപയും അടങ്ങുന്നതാണ് അവാർഡ്. വർക്കല സ്വദേശിയും എം.ടെക്ക് ബിരുദധാരിയുമായ നവമിയുടെ മ്യൂറൽ പെയിന്റിംഗുകൾ ശ്രദ്ധേയമാണ്. ഡോ. ഇന്ദ്രബാബു, കാരയ്ക്കാമണ്ഡപം വിജയകുമാർ, ആറ്റിങ്ങൽ രാജൻ ബാബു എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബർ ആദ്യവാരം വിനോദിന്റെ ജന്മനാടായ കുഴിമതിക്കാട്ട് വച്ച് അവാർഡ് നൽകുമെന്ന് പി.സി. വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. സലിം അറിയിച്ചു.