ഇനി നന്നാകും കനാൽ റോഡുകൾ

Tuesday 19 October 2021 11:43 PM IST

തെങ്ങമം: വർഷങ്ങളായി തകർന്നുകിടന്ന കനാൽ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ നടപടി. ആദ്യ ഘട്ടമായി ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപ അനുവദിച്ചു. അടൂർ -പഴകുളം കനാൽ റോഡ്, കടമ്പനാട് ഗേൾസ് ഹൈസ്കൂൾ - വഴി കടന്നുപോകുന്ന കനാൽ റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ശ്രമഫലമായാണ് നടപടി. കെ.പി. റോഡിന് സമാന്തരമായി ഉപയോഗിക്കാൻ കഴിയുന്നതാണ് അടൂർ കരുവാറ്റ പള്ളിക്ക് സമീപം തുടങ്ങി പഴകുളം മേട്ടുപ്പുറം വഴി പോകുന്ന കനാൽ റോഡ്. ഈ റോഡിന്റെ മലമേക്കര ഭാഗത്ത് പത്ത് ലക്ഷം രൂപയുടെയും , പഴകുളം - മേട്ടുപ്പുറം ഭാഗത്ത് 20 ലക്ഷം രൂപയുടെയും നിർമ്മാണ പ്രവർത്തനങ്ങളും കടമ്പനാട് ഗേൾസ് ഹൈസ്കൂൾ ഭാഗം റോഡിന് രണ്ട് ഘട്ടമായി 40 ലക്ഷം രൂപയുടെയും പണികളാണ് നടത്തുക. 2004 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി ടാർ ചെയ്തത്. അതിനുശേഷം ഈ റോഡ് തകർന്നു കിടക്കുകയാണ്. ഇരുവശവും കാട് കയറി നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. നിരവധി തവണ റോഡിന്റെ ദുരവസ്ഥ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് റ്റി. മുരുകേശ് അടൂർ -പഴകുളം റോഡിന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ 3 ലക്ഷത്തിൽ അധികരിച്ച തുകയുടെ ജോലികൾ കെ. ഐ പി യുടെ മരാമത്ത് വിഭാഗത്തിനേ ചെയ്യാൻ കഴിയൂ എന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ലാപഞ്ചായത്തിനെ അനുവദിച്ചില്ല. ഇപ്പോൾ കെ. ഐ.പി യുടെ സ്പെഷ്യൽ ഉത്തരവ് വാങ്ങിയാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഗേൾസ് ഹൈസ്കൂൾ റോഡും ഗതാഗത യോഗ്യമാകുന്നത് ഏറെ ഗുണകരമാണ്. കനാലിന് കുറുകെയുള്ള നടപ്പാലങ്ങൾ ദ്രവിച്ച് കമ്പി അടർന്നുവീഴുകയാണ്. പാലങ്ങൾ കൂടി നന്നാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 70 ലക്ഷം

Advertisement
Advertisement