കാശ്‌മീർ സ്ഥിതി മോദിയെ ധരിപ്പിച്ച് അമിത് ഷാ

Wednesday 20 October 2021 12:25 AM IST
അമിത് ഷാ

 അമിത് ഷാ 23ന് ജമ്മു കാശ്‌മീരിലേക്ക്

ന്യൂഡൽഹി: പാകിസ്ഥാൻ സഹായത്തോടെ ജമ്മുകാശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ വിശദാംശങ്ങളും സർക്കാർ സ്വീകരിക്കുന്ന നടപടികളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. 23 മുതൽ 25 വരെ അമിത് ഷാ ജമ്മുകാശ്മീർ സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിന്റെ വിശദാംശങ്ങളും അമിത് ഷാ വിശദീകരിച്ചു.

ഇന്നലെ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തിയാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെ തിരഞ്ഞുപിടിച്ച് ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അമിത് ഷാ വിശദീകരിച്ചു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സുരക്ഷ ഏർപ്പെടുത്തിയതും ഭീകരരെ കുടുക്കാൻ ഇന്റലിജൻസ് പ്രവർത്തനം വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകിയതും അദ്ദേഹം ധരിപ്പിച്ചു.

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികൾ, അർദ്ധ സൈനിക വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്ത തിങ്കളാഴ്ചത്തെ യോഗത്തിലുയർന്ന നിർദ്ദേശങ്ങളും അമിത് ഷാ പങ്കുവച്ചു. 90കളിലേക്ക് ജമ്മുകാശ്മീരിനെ തിരിച്ചുകൊണ്ടുപോകാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. ജമ്മുകാശ്മീരിലും സമാനമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് സാദ്ധ്യതയുള്ളത് കണക്കിലെടുത്ത് ഇന്റലിജൻസ് ഏജൻസികളും സുരക്ഷാ സേനയും ഏകോപനത്തോടെ പ്രവർത്തിക്കാൻ അമിത്ഷാ നിർദ്ദേശിച്ചിട്ടുണ്ട്. മാവോയിസ്റ്റ്, നക്സൽ ഭീഷണികളും യോഗത്തിൽ ചർച്ചയായി.

ജമ്മുകാശ്‌മീരിന് പ്രത്യേക അധികാരം നൽകിയ 370-ാം വകുപ്പ് എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ ജമ്മുകാശ്മീർ സന്ദർശിക്കുന്നത്.

Advertisement
Advertisement