കാശ്മീരിലെ അക്രമങ്ങൾക്ക് പിന്നിൽ പാക് ചാരസംഘടനയുടെ ബ്ളൂപ്രിന്റ്

Wednesday 20 October 2021 12:32 AM IST

ന്യൂഡൽഹി: വഴിയരുകിൽ പാനിപ്പൂരി വിൽക്കുന്ന സാധാരണക്കാരനെപ്പോലും വെടിവച്ചു വീഴ്ത്തുന്ന ഭീകരർ,​ പാക് ചാരസംഘടനയായ ഐ.എസ്.ഐ തയാറാക്കിയ പദ്ധതിയാണ് ജമ്മുകാശ്മീരിൽ അതേപടി നടപ്പാക്കുന്നതെന്ന് വിവരം. ജമ്മുകാശ്മീരിൽ മറ്റു സംസ്ഥാനങ്ങളിലേതിന് തുല്യമായ സാഹചര്യമുണ്ടാകുന്നത് എന്തുവിലകൊടുത്തും തടയാൻ 22 ഇന നിർദ്ദേശങ്ങളാണ് ഐ.എസ്.ഐ ഭീകരർക്ക് നൽകിയിരിക്കുന്നത്. അതിനിടെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഇന്നലെ ജമ്മുകാശ്മീരിലെത്തി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി.

പുറത്തു നിന്ന് ജമ്മുകാശ്മീരിൽ സ്ഥിരതാമസമാക്കുന്ന ആരെയും വെറുതെ വിടരുതെന്നാണ് പ്രധാന നിർദ്ദേശം. സംസ്ഥാനം വിടാൻ മുന്നറിയിപ്പ് നൽകിയിട്ടും തുടരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വെടിയുണ്ട കൊണ്ട് ശിക്ഷ നൽകണം. ഭീകരാക്രമണത്തെ തുടർന്ന് സംസ്ഥാനം വിട്ട കാശ്മീരി പണ്ഡിറ്റുകളെ മടങ്ങിവരാൻ അനുവദിക്കരുതെന്നും പ്രത്യേക നിർദ്ദേശമുണ്ട്. കാശ്മീർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ സഹായിക്കുന്ന ജമ്മുകാശ്മീർ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളും ലക്ഷ്യമിടണം. രഹസ്യവിവരം നൽകുന്നവരെ പെട്രോൾ ബോംബും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കണം.

നാട്ടുകാരായ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ ഉത്തരവുകൾ അനുസരിക്കരുത്. സർക്കാർ പരിപാടികളും കായിക ഇനങ്ങളും നടത്താൻ അനുവദിക്കരുത്. മാദ്ധ്യമങ്ങളെ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ട്. സർക്കാരിന്റെ അടിസ്ഥാന വികസന പദ്ധതികളെ എതിർക്കാനും സ്കൂൾ, കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ പൂട്ടിക്കാനും ഐ.എസ്.ഐയുടെ ബ്ളൂ പ്രിന്റിൽ നിർദ്ദേശിക്കുന്നു.

.

Advertisement
Advertisement