അവഗണനയുടെ പടുകുഴിയിൽ ഇടക്കുളങ്ങര ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

Wednesday 20 October 2021 12:00 AM IST

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ

കൊല്ലം: മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, വ്യവസായ സൗഹൃദമാകാൻ മടിച്ച് കരുനാഗപ്പള്ളി ഇടക്കുളങ്ങര ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. അവശ്യ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം, ഇവിടെ സ്ഥലം ലഭിച്ച 33 വ്യവസായ യൂണിറ്റുകളിൽ ഏഴെണ്ണത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

കാനനപാതയെക്കാൾ കഷ്ടംപിടിച്ച അവസ്ഥയിലാണ് എസ്റ്റേറ്റിലെ റോഡ്. ഇതുതന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നവും. നിലവിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലേക്ക് ഇവിടത്തെ റോഡിലൂടെ ഒരു തവണയെത്തുന്ന ഉപഭോക്താവ് പിന്നീട് വരാൻ മടിക്കുന്ന അവസ്ഥയാണ്. ഇട്ടക്കുളങ്ങര ക്ഷേത്രം- കരുനാഗപ്പള്ളി റോഡിൽ നിന്നു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലൂടെയുള്ള 200 മീറ്റർ റോഡ് പൂർണമായും തകർന്ന് തരിപ്പണമായി. കാൽനടയായും ഇരുചക്ര വാഹനങ്ങളിലും വരുന്നവർ മഴക്കാലത്ത് കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പുതുമയുള്ള കാര്യമല്ല. നാല് വർഷമായി ഈ അവസ്ഥയ്ക്കു മാറ്റമില്ല. കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥയുമുണ്ടായി.

സിഡ്കോയുടെ കീഴിൽ ഉമയനല്ലൂരിലേതടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എസ്റ്റേറ്റുകളുടെ നവീകരണത്തിന് സർക്കാർ അടുത്തിടെ പണം അനുവദിച്ചെങ്കിലും ഇടക്കുളങ്ങരയെ അവഗണിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു നവീകരണ പ്രവർത്തനവും നടന്നിട്ടില്ല.

പ്രതിസന്ധികൾ

 കോടികൾ വിലവരുന്ന യന്ത്രങ്ങളുള്ള എസ്റ്റേറ്റിന് ചുറ്റുമതിലില്ല

 രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷം

 റോഡിൽ വഴിവിളക്കുകൾ ഇല്ല

 സ്ഥാപനങ്ങൾക്ക് രാത്രികാലത്ത് പ്രവർത്തിക്കാനാകാത്ത അവസ്ഥ

 ജലവിതരണമില്ല, സ്ഥാപനങ്ങൾ സ്വന്തമായി കിണറുണ്ടാക്കി

മുടക്കാൻ കാശില്ല

വ്യവസായ യൂണിറ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ കഴിയാത്ത വിധം തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സിഡ്കോ അധികൃതരുടെ വിശദീകരണം. യൂണിറ്റുകളിൽ നിന്നു പ്രതിമാസം 50 രൂപ മാത്രമാണ് ലഭിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

...............................

 8.63 ഏക്കർ: ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ആകെ വിസ്തീർണം

റോഡിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. ഇത് വ്യവസായ യൂണിറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. അധികൃതർ ഇടപെട്ടില്ലെങ്കിൽ നിലവിലെ യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിലാകും

കെ.ആർ. ഷൈൻ, മാർക്ക് വേയിംഗ് സിസ്റ്റം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

Advertisement
Advertisement