ഇടുക്കി ഡാമിന് ദിവസ നഷ്‌ടം ആറ് കോടിയുടെ വെള്ളം

Wednesday 20 October 2021 12:03 AM IST

തൊടുപുഴ: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇടുക്കി അണക്കെട്ട് തുറന്നത് വഴി കെ.എസ്.ഇ.ബിക്ക് നഷ്ടം ആറ് കോടിയിലേറെ രൂപ.

സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണി ഡാമിലെ മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുകുന്നത്. ഒരു ദിവസം ഇത്രയും വെള്ളം ഉപയോഗിച്ച് 1.35 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കെ.എസ്.ഇ.ബി ഇപ്പോൾ വൈദ്യുതി വിൽക്കുന്ന ശരാശരി നിരക്കായ 4.5 രൂപ യൂണിറ്റിന് കണക്കാക്കിയാൽ 6.07 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് അധികൃതർ പറയുന്നു.

ഇപ്പോൾ മഴയും നീരൊഴുക്കും കുറവാണ്. എങ്കിലും കനത്ത മഴ പ്രവചിച്ച 22 വരെ ഇപ്പോഴത്തെ അളവിൽ വെള്ളം തുറന്നുവിടുന്നത് തുടരും. 2397 അടിയിൽ ജലനിരപ്പ് എത്തിയാൽ ഷട്ടറുകൾ അടയ്ക്കാൻ ആണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. അഞ്ച് ദിവസം മുമ്പാണ് വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത് ലഭിച്ചത്. ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തിലെ ആവശ്യം. അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിറുത്തിവയ്ക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

Advertisement
Advertisement