ഷാറൂഖിനെ മുണ്ടുടുപ്പിച്ച സഞ്ജയ് ഓർമ്മയായി

Wednesday 20 October 2021 12:04 AM IST

 സിവിൽ സർവീസിൽ ചേരാതെ ഗ്യാസ് ഏജൻസി തുടങ്ങി

മാന്നാർ: 'കോൻ ബനേഗാ ക്രോർപതി' മത്സരത്തിലേക്ക് ക്ഷണം ലഭിച്ച ആദ്യ മലയാളി മാന്നാർ പഞ്ചായത്ത് പതിനാറാം വാർഡിൽ കുട്ടമ്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) നിര്യാതനായി. സംസ്കാരം നടത്തി.

സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയിട്ടും ഉന്നത ജോലി വേണ്ടെന്നുവച്ച് ബിസിനസിലേക്ക് തിരിഞ്ഞെന്ന അപൂർവതയും സഞ്ജയിന്റെ ജീവിതത്തിനുണ്ട്. 1990ൽ മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി തുടങ്ങുകയായിരുന്നു.

ക്രോർപതി മത്സരത്തിന് ഷാറൂഖിന് മുന്നിലെ ഹോട്ട് സീറ്റിലേക്ക് സഞ്ജയ് എത്തിയത് തനി നാട്ടിൻപുറത്തുകാരനായി മുണ്ടുടുത്തായിരുന്നു. പിന്നീട് പരിപാടി അവതരിപ്പിച്ച ഷാറൂഖ് ഖാനും മുണ്ടുടുത്തു. മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ്. ദേശീയ മാദ്ധ്യമങ്ങൾ അന്നത്തെ മത്സരം വാർത്തയാക്കിയിരുന്നു. മത്സരത്തിൽ മികച്ച വിജയം നേടിയ സഞ്ജയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നൽകിയാണ് ഖാൻ യാത്രയാക്കിയത്.

മൂന്ന് പതിറ്റാണ്ട് മുമ്പ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ നേടി. ചരിത്രം ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ഭാരത ചരിത്രത്തെ പറ്റി വലിയ അറിവുണ്ടായിരുന്നു. പ്രായമേറിയപ്പോൾ എഴുതിയ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും നേടി. മകൻ കരുൺ സഞ്ജയ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിക്കും എൽ.എൽ.എമ്മിനും ഒന്നാം റാങ്ക് നേടിയപ്പോൾ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഇക്കണോമിക്സ് ഗവേഷണ എൻട്രൻസിൽ മകൾ കാവ്യയ്ക്കായിരുന്നു ആദ്യ റാങ്ക്.

പരേതരായ റിട്ട. ലെഫ്. കേണൽ പി.വി.കെ. പിള്ളയുടെയും റിട്ട. അദ്ധ്യാപിക സരോജനിഅമ്മയുടെയും മകനാണ്. പരേതയായ ജയശ്രീയാണ് ഭാര്യ. സഞ്ചയനം 24ന് രാവിലെ 9ന്.

Advertisement
Advertisement