അതിരൂക്ഷമായ മഴയ്ക്ക് കാരണമായത് ഇരട്ടന്യൂനമർദ്ദം; ദുരിതബാധിതർക്ക് എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി

Wednesday 20 October 2021 10:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ മഴയ്ക്ക് കാരണമായത് ഇരട്ടന്യൂനമർദ്ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി 39 പേർ മരിച്ചു. ആറ് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭ ആദരാഞ്ജലി അർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖം കേരളത്തിന്റെയാകെ ദു:ഖമാണ്. ദുരിതബാധിതർക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും, 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 3851 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.

രക്ഷാപ്രവർത്തനം വൈകിയോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം രണ്ട് ദിവസത്തേക്ക് ഒഴിവാക്കി.