ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്നു

Wednesday 20 October 2021 10:35 AM IST

ന്യൂഡൽഹി: ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്നു.2018 ഒക്ടോബറിൽ ഐ.എം.എഫിൽ ചേർന്ന ഗീത നിലവിൽ ജി.ഡി.പി വളർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്റെ അദ്ധ്യക്ഷയാണ്.കേരള സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ടിച്ചിട്ടുണ്ട്.മുൻ റിസർവ് ബാങ്ക് ഗവ‌ർണ്ണർ രഘുറാം രാജന് ശേഷമാണ് ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് എക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് സ്ഥാനമേറ്റത്.അമേരിക്കൻ അക്കാഡമി ഒഫ് ആർട്സ് ആൻഡ് സയൻസിൽ അംഗത്വം ലഭിച്ച ഗീതയെ ലോക യുവജനനേതാക്കളിൽ ഒരാളായി വേൾഡ് എക്കണോമിക് ഫോറം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് എക്കണോമിക്സിൽ ഓണേഴ്സ് ബിരുദവും,ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്നും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നുമായി എം.എ.ബിരുദവും കരസ്ഥമാക്കി.പ്രിസ്റ്റൻ സർവകലാശാലയിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്.2001 ൽ ചിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ൽ ഹാർവാർഡ് സർവകലാശാലയിലേക്ക് മാറുകയായിരുന്നു.