റൂം ഫോർ റിവർ, പേരുപോലെ വീണ്ടും മുറിയിൽ കയറി വെള്ളം, കേരളത്തിലെ സ്വപ്നപദ്ധതികളെ മുക്കിയത് ഉദ്യോഗസ്ഥന്റെ തരികിടയോ ?

Wednesday 20 October 2021 11:47 AM IST

തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിൽ ലോകത്തിനു മാതൃകയായ നെതർലാൻഡ്സിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ടു ബോദ്ധ്യപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കാൻ ഒരു പ്രതിരോധ മാർഗം നിർദ്ദേശിച്ചു. പേര് 'റൂം ഫോർ റിവർ'. വെള്ളമൊഴുകിപ്പോകാൻ നദികളിലും മറ്റും ആവശ്യമായ ഇടമുണ്ടാക്കുന്ന പദ്ധതിയാണ്. പക്ഷേ, തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അന്ന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡറിൽ തരികിട കാട്ടിയതോടെയാണ് മുങ്ങിപ്പോയത്.

നെതർലാൻഡ്സ് മാതൃകയിൽ 'റൂം ഫോർ പമ്പ', 'റൂം ഫോർ വേമ്പനാട്' എന്നിവയ്ക്കാണ് കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. നെതർലാൻഡ്സ് സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തെ സഹായിച്ച ഹസ്‌കോണിംഗ് എന്ന കമ്പനിയെ ചട്ടവിരുദ്ധമായി ടെൻഡറിൽ ഉൾപ്പെടുത്താൻ വിശ്വാസ് മേത്ത നീക്കം നടത്തി. ഹസ്‌കോണിംഗിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്സുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഫയലിൽ എഴുതി. ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും മേത്തയുടെ വഴിവിട്ട നീക്കം പുറത്തായതോടെ കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുന്നത് നിറുത്തിവച്ചു. പിന്നീട് കഴിഞ്ഞ മാർച്ചിൽ മദ്രാസ് ഐ.ഐ.ടിയെ കൺസൾട്ടന്റാക്കി. ഡിസംബറിൽ പ്രാഥമിക റിപ്പോർട്ട് ലഭിക്കും.

കേരളത്തിൽ പ്രളയപ്രതിരോധമൊരുക്കാൻ 12 കൺസൾട്ടൻസി കമ്പനികളാണെത്തിയത്. യോഗ്യതയുള്ള നാലെണ്ണത്തെ ചുരുക്കപ്പട്ടികയിലാക്കി. ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയ പരിചയം വേണമെന്നാണ് മാനദണ്ഡം. ഇത് ഒഴിവാക്കി ഹസ്‌കോണിംഗിനെയും ബെൽജിയത്തിലെ ട്രക്ടാബെല്ലിനെയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ജലവിഭവ ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് 'ഒഴിവാക്കിയാൽ നയതന്ത്രബന്ധത്തെ ബാധിക്കും' എന്ന് മേത്ത ഫയലിലെഴുതിയത്. എന്നാൽ വിജിലൻസ് കേസിന് സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തുടർനടപടികൾ വൈകിപ്പിച്ചു. മേത്ത വിരമിച്ച ശേഷമാണ് പദ്ധതിക്ക് അനക്കം വച്ചത്.

നെതർലാൻഡ്സ് വിജയഗാഥ

നെതർലാൻഡ്സിലെ 'റൂം ഫോർ റിവർ' മോഡൽ കുട്ടനാടിന് പറ്റിയതായതിനാലാണ് പമ്പയിലും വേമ്പനാട്ടുകായലിലും സമാന പദ്ധതിക്കൊരുങ്ങിയത്. കടലിലേക്ക് ഒഴുകുന്നതിനുള്ള തടസം നീക്കലും വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ന്ന പ്രദേശങ്ങളെ സജ്ജമാക്കലുമാണ് റൂം ഫോർ റിവർ. ചൈനയും അമേരിക്കയുമടക്കം ഇതിന് നെതർലാൻഡ്സിനെ ആശ്രയിക്കുന്നു.

പാളിപ്പോയ റീബിൽഡ് കേരള ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയ പുനർനിർമ്മാണം മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി 2018ൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. പുനർനിർമ്മാണം ആവശ്യമായ മേഖലകൾ കണ്ടെത്തി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുകയെന്ന ആദ്യ തലം പോലും നടപ്പായില്ല. സ്ഥാപന ശാക്തീകരണവും ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കലും രണ്ടാം തലം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നയപരമായ കാര്യങ്ങളിൽ മാറ്റം മൂന്നാംതലം