സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധന ആവശ്യപ്പെട്ട് ഹർജി

Thursday 21 October 2021 12:32 AM IST

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഈ അദ്ധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 25 നു വീണ്ടും പരിഗണിക്കും.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് 2017 മുതൽ കോടതിയിൽ കേസ് നിലവിലുണ്ട്. നേരത്തെ ഈ കേസിൽ ഫീസ് നിർണയത്തിന് ഹൈക്കോടതി ഷെഡ്യൂൾ നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് മാനേജ്മെന്റുകൾ ഫീസ് നിർണയ സമിതിക്ക് നവംബറിൽ ശുപാർശ നൽകണം. ഇതിൽ ആവശ്യമെങ്കിൽ ഡിസംബർ 15 നകം സമിതി വിശദീകരണം തേടണം. ഇതിന് മാനേജ്മെന്റുകൾ ഡിസംബർ 31 നകം മറുപടി നൽകണം. ഫെബ്രുവരി 15 നകം സമിതി ഫീസ് നിർണയിച്ച് ഉത്തരവിറക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. നവംബറിൽ ഫീസ് നിർണയത്തിന് ശുപാർശ നൽകിയെങ്കിലും സമിതി വിശദീകരണം തേടിയില്ല. ഒക്ടോബർ ആറിന് ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ യോഗം വിളിച്ച് ഇത്തവണ ഫീസ് വർദ്ധിപ്പിക്കുന്നില്ലെന്ന് അറിയിച്ചു. ഷെഡ്യൂൾ പ്രകാരം തീരുമാനമെടുക്കാത്ത സമിതിക്ക് ഫീസ് നിർണയിക്കാനാവില്ല. നേരത്തെ നൽകിയ ശുപാർശയനുസരിച്ചുള്ള ഫീസീടാക്കാൻ മാനേജ്മെന്റുകളെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.