ഭിന്നശേഷി സൗഹൃദമാകും അങ്കണവാടികൾ

Thursday 21 October 2021 12:51 AM IST

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 76 അങ്കണവാടികൾ 'സ്‌പെഷ്യലാകും'. വനിതാ ശിശു വികസന വകുപ്പിന്റെനേതൃത്വത്തിൽ സ്‌പെഷ്യൽ അങ്കണവാടികളുടെ നിർമ്മാണത്തിനുള്ള തുക അനുവദിച്ചു. സ്‌പെഷ്യൽ അങ്കണവാടി പദ്ധതിക്കായി സംസ്ഥാനത്തെ 142 അങ്കണവാടികളിൽ നിന്ന് തിരഞ്ഞെടുത്ത 76 എണ്ണമാണ് ഭിന്നശേഷി സൗഹൃദമായി മാറുന്നത്.
ഒരോ അങ്കണവാടിക്കും രണ്ടു ലക്ഷം രൂപ വീതമാണ് നൽകുന്നത്. വീൽച്ചെയറിൽ പോകാൻ കഴിയുന്ന ചരിഞ്ഞ പടി, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ, കൈവരികൾ, കുട്ടികൾക്ക് ഇടപെടാൻ മറ്റ് തടസങ്ങളില്ലാത്ത തരത്തിലുള്ള നിർമ്മാണങ്ങൾ എന്നിവയ്ക്കാണ് ഒരു ലക്ഷം രൂപ. മേശ, കസേര, തുടങ്ങിയ ഉപകരണങ്ങൾക്കും വീൽചെയർ സൗകര്യം, കളിസ്ഥലങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ, പരിസരമൊരുക്കൽ എന്നിവയ്ക്ക് ഒരു ലക്ഷം വീതവുമാണ് നൽകുന്നത്.
ആകെ 1.52 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനം തുക (91.20 ലക്ഷം) കേന്ദ്ര വിഹിതവും 40 ശതമാനം (60.80 ലക്ഷം) സംസ്ഥാന വിഹിതവുമാണ്.
400 ചതുരശ്രയടിയിൽക്കുറവുള്ള കെട്ടിടങ്ങളുള്ള അങ്കണവാടികളെ പരിഗണിച്ചില്ല. ഭിന്നശേഷിക്കാരായ കുട്ടികളുള്ളതും അവർക്കു സൗകര്യപ്രദവുമായ പ്രദേശങ്ങൾക്കും മുൻഗണന നൽകിയായിരുന്നു തിരഞ്ഞെടുക്കൽ. സ്‌പെഷ്യൽ എജ്യുക്കേറ്ററുടെ സേവനത്തോടെയാണ് ഇവ ഒരുക്കുക. എജ്യുക്കേറ്ററുടെ നിയമനവും വേതനം നൽകലും തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

അങ്കണവാടികൾ

തിരുവനന്തപുരം രണ്ട്, കൊല്ലം ആറ്, പത്തനംതിട്ട മൂന്ന്, ആലപ്പുഴ ഒന്ന്, കോട്ടയം ഏഴ്, ഇടുക്കി 10, തൃശൂർ ഒമ്പത്, പാലക്കാട് നാല്, മലപ്പുറം ഒമ്പത്, വയനാട് നാല്, കോഴിക്കോട് 18, കണ്ണൂർ ഒന്ന്, കാസർകോട് രണ്ട്. എന്നിങ്ങനെയാണ് അങ്കണവാടികൾ.

Advertisement
Advertisement