നി​ർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസം : പണിപാളി പൈപ്പുലൈൻ പദ്ധതി

Thursday 21 October 2021 12:17 AM IST
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ റോഡരികിൽ ഇട്ടിരിക്കുന്ന പൈപ്പുകൾ

പത്തനംതിട്ട : നിർമ്മാണോദ്ഘാടനം നടത്തിയിട്ട് ഒരുമാസമായെങ്കിലും നഗരസഭാ പ്രദേശത്തെ പുതിയ പൈപ്പ് ലൈൻ പദ്ധതിയുടെ പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബി വഴി 11.18 കോടി രൂപ മുടക്കിയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനായിരുന്നു നീക്കം. എന്നാൽ പദ്ധതി ആരംഭിക്കണമെങ്കിൽ പി.ഡബ്യൂ.ഡിക്ക് വാട്ടർ അതോറിട്ടി റോഡ് റിസർവേഷൻ ചാർജ് നൽകണം. ഇതിനായുള്ള ഫണ്ട് കിഫ്ബിയിൽ നിന്ന് വാട്ടർ അതോറിട്ടിയ്ക്ക് ലഭിച്ചിട്ടില്ല. ആദ്യം രണ്ട് കോടിയാണ് പി.ഡബ്യൂ.ഡി ചാർജ് പറഞ്ഞിരുന്നതെങ്കിലും ഒരാഴ്ച മുമ്പ് അത് 9 കോടിയായി മാറി. ഇത് നൽകുന്നതിനുള്ള കാലതാമസമാണ് പൈപ്പ് ലൈൻ പദ്ധതി വൈകാൻ കാരണം.

സ്റ്റേഡിയം ജംഗ്ഷനിലാണ് പദ്ധതിയുടെ പൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. റോഡ് സൈഡിൽ കിടക്കുന്ന പൈപ്പ് കാരണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്.

പദ്ധതി ജലവിതരണം സുഗമമാക്കാൻ

പൈപ്പുകളുടെ കാലപ്പഴക്കം കാരണം നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകൾ മാറ്റി പുതിയ 500 എം.എം മുതൽ 200 എം.എം വരെയുള്ള 21,450 മീറ്റർ ഡി.ഐ പൈപ്പുകളും കണക്ഷൻ നൽകുന്നതിനായി 110 എം.എമ്മിമിന്റെ 6000 മീറ്റർ പൈപ്പുകളും പുതിയതായി സ്ഥാപിക്കും. കല്ലറക്കടവ് കിണറിൽ ശേഖരിക്കുന്ന ജലം പമ്പുചെയ്ത് പാമ്പൂരിപ്പാറയിൽ സ്ഥാപിച്ചിട്ടുളള ക്ലാരിഫിൽറ്റർ പ്ലാന്റിൽ ശേഖരിച്ച് ആവശ്യമായ ശുദ്ധീകരണം നടത്തി ഉന്നതജല സംഭരണിയിൽ ശേഖരിക്കും. അവിടെ നിന്ന് പമ്പിംഗിലൂടെ കരിമ്പനാക്കുഴിയിൽ എത്തിച്ച് അവിടെ നിന്ന് മണ്ണാറമല ഉന്നതതല ടാങ്കിൽ എത്തിക്കും. ഇവിടെ നിന്ന് ഒറ്റുകൽ, തെക്കാവ്, കുമ്പഴ നെടുമനാൽ എന്നിവിടങ്ങളിൽ ശേഖരിച്ച് വിവിധ തരം വിതരണക്കുഴലുകൾ വഴി നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കും.

കിഫ്ബി പദ്ധതി,

ചെലവിടുന്നത് 11.18 കോടി രൂപ

"എത്രയും വേഗം പണി ആരംഭിച്ച് പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. ഫണ്ട് ലഭിച്ചാൽ ഉടൻ കൈമാറും. "

വാട്ടർ അതോറിട്ടി അധികൃതർ