സ്കൂൾ മുറ്റമാണ് , മാലിന്യ പാടമല്ല !

Thursday 21 October 2021 12:02 AM IST

കുന്ദമംഗലം എ.യു.പി സ്കൂൾ മുറ്റത്തെ മാലിന്യം അദ്ധ്യാപകർ നീക്കം ചെയ്യുന്നു

കുന്ദമംഗലം: പുല്ല് പാകിയും പൂന്തോട്ടമൊരുക്കിയും സുന്ദരമാക്കിയ സ്കൂൾ മുറ്റങ്ങൾ കണ്ടിട്ടില്ലേ, എന്നാൽ മാലിന്യം നിറഞ്ഞൊരു സ്കൂൾ മുറ്റം കാണണമെങ്കിൽ കുന്ദമംഗലത്ത് തന്നെ വരണം. അങ്ങാടിയിലെ സകല മാലിന്യങ്ങളുടെയും സംഭരണശാലയാണ് കുന്ദമംഗലം എ.യു.പി സ്കൂൾ മുറ്റം. പുതിയ ബസ്‌സ്റ്റാൻഡിന് തൊട്ട് താഴെയാണ് ഈ വിദ്യാലയം. അങ്ങാടിയിലെ ഓവുചാലുകൾ ബസ്‌സ്റ്റാൻഡിന് മുന്നിലെ ചുണ്ടിക്കുളം പാലത്തിനടിയിൽ സംഗമിച്ച് സ്കൂൾ മുറ്റത്തോട് ചേർന്ന വീതികുറഞ്ഞ തോട്ടിലൂടെയാണ് ആക്കോളി ഭാഗത്തേക്ക് പോകുന്നത്. മഴ കനത്താൽ തോട് നിറയും; പിന്നെ, സ്കൂൾ മുറ്റവും ക്ലാസ് മുറിയുമെല്ലാം കാണേണ്ടതാണ്. മാലിന്യം നിറഞ്ഞിരിക്കും. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ കാഴ്ച. അദ്ധ്യാപകരും പി.ടി.എയും പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതർ കുലുങ്ങിയില്ല. മാലിന്യമുക്ത കുന്ദമംഗലത്തിനായി ശുചിത്വ ഗ്രാമസഭയും ഹരിതകർമ്മ സേനയും സംഘടിപ്പിച്ചിട്ടും അങ്ങാടിക്ക് സമീപത്തെ 'മാലിന്യക്കുളം' നികത്താൻ ഗ്രാമപഞ്ചായത്ത് ഒന്നും ചെയ്തില്ല. ഗാന്ധിജയന്തി ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ സ്കൂൾ മുറ്റത്തെ കാട് വെട്ടിയെങ്കിലും മാലിന്യം നീക്കാൻ മെനക്കെട്ടില്ല. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനാൽ അദ്ധ്യാപകരാണ് ഒന്നരവർഷമായി അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് അഞ്ച് ലോഡ് മാലിന്യമാണ് നീക്കം ചെയ്തത്. സ്കൂൾ മുറ്റത്തെ അമ്പത് മീറ്ററോളം നീളമുള്ള തോടിന്റെ ആഴം കൂട്ടി കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തയ്യാറായില്ലെങ്കിൽ മാലിന്യക്കുളത്തിൽ നീന്തിയായിരിക്കും കുട്ടികളുടെ സ്കൂൾ പ്രവേശനം.

Advertisement
Advertisement