ഒഴുക്ക് തടഞ്ഞ് പാലങ്ങൾക്ക് ഭീഷണിയായി മരങ്ങളും മാലിന്യങ്ങളും

Thursday 21 October 2021 12:21 AM IST
പടുതോട് പാലത്തിനടിയിൽ മാലിന്യം കെട്ടിക്കിടക്കുന്നു

മല്ലപ്പള്ളി : മണിമലയാറ്റിൽ ഒഴുക്ക് കുറഞ്ഞപ്പോൾ പാലങ്ങൾക്കടിയിൽ മരങ്ങളും മുളങ്കാടുകളും മാലിന്യങ്ങളും അടിയുന്നത് ഭീഷണിയാകുന്നു. കോട്ടാങ്ങലിൽ നൂലവേലിക്കടവ് തൂക്കുപാലത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി.

മറ്റു പാലങ്ങൾക്കടിയിൽ ഇപ്പോൾ മരങ്ങളും മുളങ്കാടുകളും മാലിന്യങ്ങളും കെട്ടിക്കിടന്ന് നീരൊഴുക്ക് തടസപ്പെട്ടു. പടുതോട് പാലത്തിനടിയിൽ വലിയ തോതിൽ മാലിന്യങ്ങളും മുളങ്കാടുമാണ് വന്നടിഞ്ഞിരിക്കുന്നത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ കോമളം പാലത്തിനുണ്ടായ സമാനമായ സാഹചര്യം പടുതോട് പാലത്തിലും ഉണ്ടായേക്കുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. കഴിഞ്ഞദിവസം വെള്ളം ഉയർന്നപ്പോഴും പാലത്തിന്റെ തുരുത്തിക്കാട് കര വഴിയാണ് കൂടുതൽ വെളളം ഒഴുകിയത്. സ്പാനുകൾ തമ്മിൽ അകലം കുറവായതിനാൽ മരങ്ങൾ നീക്കാൻ ബുദ്ധിമുട്ടുണ്ട്. 2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മരങ്ങൾ പാലത്തിനടിയിലുള്ളതായി പറയുന്നു.

മണിമലയാറിന് കുറുകെയുള്ള പ്രയാറ്റുകടവ്, മഠത്തുംകടവ്, കറുത്തവടശേരിക്കടവ്, മല്ലപ്പള്ളി, കടൂർക്കടവ്, കുളത്തൂർമൂഴി പാലങ്ങളിലും വൻതോതിൽ മാലിന്യങ്ങളും മരങ്ങളും അടിഞ്ഞുകിടക്കുകയാണ്.