പ്രളയമുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

Thursday 21 October 2021 12:29 AM IST

പത്തനംതിട്ട: വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേടും പ്രളയ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ച്ചയും മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. ഉരുൾ പൊട്ടൽ മൂലം മുണ്ടക്കയം, കാത്തിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയപ്പോൾ മണിമലയാറ്റിൽ വെള്ളമുയരുമെന്ന് കണ്ട് തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിൽ മല്ലപ്പള്ളിയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നു. ഇതിന് ഉത്തരവാദികൾ ജില്ലാ ഭരണകൂടവും സർക്കാരുമാണ്. പേമാരി, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ക്ഷോഭം മൂലം ജില്ലയിൽ നിരവധി പേർക്ക് വീട് നഷ്ടമാകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയുള്ള നഷ്ടവും കൃഷി നാശവും വ്യാപകമായ തോതിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ്, പോഷക സംഘടനാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.