ഡോക്ടർമാരുടെ പ്രതിഷേധ പരിപാടികൾ നീട്ടിവച്ചു
തിരുവനന്തപുരം: പ്രകൃതിക്ഷോഭം കണക്കിലെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ 21ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താത്കാലികമായി നീട്ടിവച്ചതായി കെ.ജി.എം.സി.ടി.എ സംസ്ഥാന സമിതി അറിയിച്ചു. എൻട്രി കേഡറിൽ വന്നിട്ടുള്ള ശമ്പള സ്‌കെയിലിലെ അപാകതകൾ പരിഹരിക്കുക, അസിസ്റ്റന്റ് പ്രൊഫെസറിൽ നിന്ന് അസോസിയേറ്റ് പ്രൊഫെസറായുള്ള സ്ഥാനക്കയറ്റത്തിന് ഇപ്പോൾ നടപ്പാക്കിയ ദീർഘിപ്പിച്ച കാലയളവ് പുനഃക്രമീകരിക്കുക, മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ റീഡിപ്ലോയ്‌മെന്റ് ഉടൻ അവസാനിപ്പിക്കുക, എല്ലാ അദ്ധ്യാപകർക്കും പരിഷ്‌കരിച്ച ഉത്തരവ് പ്രകാരമുള്ള പേ സ്ലിപ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധ പരിപാടികൾ നീട്ടിവച്ച തീരുമാനം താത്കാലികമാണെന്നും അദ്ധ്യാപകരുടെ ആവശ്യങ്ങളിൽ അനുഭാവപൂർണമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കിൽ ഭാവിയിൽ പ്രക്ഷോഭപരിപാടികൾ തുടരുമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) അറിയിച്ചു.