ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പാക്കണം : ജില്ലാ കളക്ടർ

Thursday 21 October 2021 12:36 AM IST

പത്തനംതിട്ട : ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) യോഗത്തിലാണ് ഇക്കാര്യം കളക്ടർ നിർദേശിച്ചത്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ക്യാമ്പുകളിൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ആരോഗ്യ വകുപ്പ് അറിയിപ്പ് നൽകണം. എലിപ്പനി പോലെയുള്ള രോഗങ്ങൾ പിടിപെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. ക്യാമ്പുകളിൽ നിന്ന് കൊവിഡ് ലക്ഷണമുള്ളവരെ മാറ്റാനായി ക്രമീകരിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കോ ഡി.സി.സികളിലേക്കോ സി.എഫ്.എൽ.ടി.സികളിലേക്കോ മാറ്റാനുള്ള ക്രമീകരണം ഒരുക്കണം. വെള്ളപ്പൊക്കത്തിൽ കെടുതികൾ സംഭവിച്ച സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധപ്രവർത്തകരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. സന്നദ്ധ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ക്ലോറിനേഷൻ ഊർജിതപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.