കുട്ടികളുടെ പരിമിതി നോക്കി പഠിപ്പിക്കണം: മന്ത്രി ശിവൻകുട്ടി
Wednesday 20 October 2021 11:37 PM IST
തിരുവനന്തപുരം: ഓരോ കുട്ടിയുടെയും പരിമിതികളും സാദ്ധ്യതകളും മനസിലാക്കി വേണം സ്കൂൾ തുറക്കുമ്പോൾ പഠിപ്പിക്കേണ്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.സി.ഇ.ആർ.ടിയുടെ അദ്ധ്യാപക ശാക്തീകരണ പദ്ധതിയുടെ ആസൂത്രണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്‌കൂളിനും പഠന പദ്ധതി തയ്യാറാക്കുന്ന നടപടി എസ്.സി.ഇ.ആർ.ടി ത്വരിതഗതിയിലാക്കണം. ഇതിനായി അദ്ധ്യാപക പരിശീലനം ക്രമപ്പെടുത്തണം. നേരിട്ടുള്ള പഠനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ചില കുറവുകൾ സംഭവിച്ചിരിക്കാം. അത് കണ്ടെത്താനും പരിഹരിക്കാനും പദ്ധതികൾ വേണം. ഇതിനായി അനുയോജ്യമായ പഠനസാമഗ്രികൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ സ്‌കൂളുകൾക്ക് ഉടനടി ലഭ്യമാക്കണം. പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ധ്യാപകരെ സഹായിക്കുന്ന രീതിയിലുള്ള പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു.