കൈപ്പട്ടൂർ പാലത്തിന് ഭീഷണിയില്ല : അപ്രോച്ച് റോഡിന്റെ ഭിത്തികൾ ബലപ്പെടുത്തും

Thursday 21 October 2021 12:38 AM IST
ദേശീയപാത കൊല്ലം ഡിവിഷൻ എക്സി.എൻജിനീയർ കെ.എ ജയയുടെ നേതൃത്വത്തിൽ കൈപ്പട്ടൂർ പാലവും അപ്രോച്ച് റോഡും പരിശോധിക്കുന്നു

പത്തനംതിട്ട : കൈപ്പട്ടൂർ പാലത്തിൽ അപ്രോച്ച് റോഡിന്റെ ഭിത്തികൾ ബലപ്പെടുത്തും. സമീപത്തെ വീടിനോട‌ു ചേർന്നുള്ള ഭിത്തികൾക്കിടയിൽ പാറകൾ ഇളകിയ ഭാഗത്ത് മണൽചാക്ക് അടുക്കി മണ്ണൊലിപ്പ് താൽക്കാലികമായി തടയും. ഇതിന് മുന്നോടിയായി കാടുകൾ തെളിച്ചു. പാലത്തിന്റെ ഒരു വശത്ത് ട്രാഫിക് കോണുകൾ വച്ച് ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാത കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.എ.ജയയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം ഇന്നലെ അപ്രോച്ച് റോഡിന്റെ ഭിത്തികളും പാലവും പരിശോധിച്ചു.

പാലത്തിന് ബലക്ഷയമില്ല. റോഡിൽ ടാറിംഗ് ഇളകിയ ഭാഗത്ത് താൽക്കാലിക അറ്റകുറ്റപ്പണി നടത്തും. അപ്രാേച്ച് റോഡിന്റെ ഭിത്തിയിലെ പാറകൾ ഇളകി മണ്ണൊലിച്ചു പോയത് കഴിഞ്ഞ ദിവസമാണ്. നാട്ടുകാരും പൊലീസും ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വിദഗ്ദ്ധസംഘം ഇന്നലെ വിശദ പരിശോധന നടത്തിയത്. അസി. എക്സി.എൻജിനിയർ ജി.എസ് ജ്യോതി, എ.ഇ സജി കുഞ്ഞുമോൻ, കൺസൾട്ടന്റ് വിജയസേനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒാമല്ലൂർ - പത്തനംതിട്ട റോഡ് ഉയർത്തുന്നതിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിർമ്മാണ സമയത്ത് അപ്രോച്ച് റോഡ് ഭിത്തികൾ പൊളിച്ചു പണിയും. 16 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 183എയുടെ ഭാഗമാണ് റോഡ്.

വിദഗ്ദ്ധസംഘം സന്ദർശനം നടത്തി. ഒാമല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന പാലത്തിന് ഇരുവശത്തായുളള ഭിത്തികളാണ് ബലപ്പെട‌ുത്തുന്നത്. ഇതിനായി 35ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി നിർമാണം തുടങ്ങും.

കെ.എ.ജയ,

എക്സിക്യൂട്ടീവ് എൻജിനിയർ

ദേശീയപാത കൊല്ലം ഡിവിഷൻ

Advertisement
Advertisement