അലന് നാടിന്റെ അന്ത്യാഞ്ജലി

Thursday 21 October 2021 12:48 AM IST

മുണ്ടക്കയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മരിച്ച അലന്റെ സംസ്കാരം ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ നടന്നു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാർമികത്വം വഹിച്ചു. ആറ്റുചാലിൽ ജോമിയുടെയും സോണിയയുടെയും മകനാണ് അലൻ. ഉരുൾപൊട്ടലിൽ മരിച്ച സോണിയയുടെ മൃതദേഹം നേരത്തെ സംസ്കരിച്ചിരുന്നു. മുണ്ടകശേരിയിൽ വേണുവിന്റെ ഭാര്യ റോഷ്ണി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവരാണ് മരിച്ച മറ്റുള്ളവർ. നാല് പേർക്കായി നടത്തിയ തെരച്ചിലിൽ അഞ്ചാമത് ഒരാളുടെ ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. അലന്റേതെന്ന് കരുതിയ മൃതദേഹം മുതിർന്ന പുരുഷന്റേതാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ താളുങ്കൽ ഭാഗത്തുനിന്നാണ് അലന്റെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചാമത് ലഭിച്ച മൃതശരീരം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രദേശത്ത് ആരെയും കാണാതായിട്ടുമില്ല. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ പന്തലാട്ടിൽ മോഹനന്റെ ചായക്കടയിലെത്തിയ ആരെങ്കിലുമാകാം ഇതെന്നാണ് നിഗമനം.