ജലത്തിനാൽ മുങ്ങിയ വ്യാപാരി ജീവിതം

Thursday 21 October 2021 12:53 AM IST

പത്തനംതിട്ട: ഇനിയൊരു പ്രളയം താങ്ങാനുള്ള കരുത്തില്ല റാന്നിയിലെ വ്യാപാരികൾക്ക്. 2018ലെ പ്രളയത്തിൽ കലിതുള്ളിയ പമ്പയിലെ വെള്ളം അവരുടെ ജീവിതം തന്നെ ഒഴുക്കിക്കളഞ്ഞു. സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടും നയാപൈസ ലഭിച്ചില്ല. അതോടെ പലരും കച്ചവടം മതിയാക്കി മറ്റ് ജീവിത മാർഗങ്ങൾ തേടി. പിടിച്ചുനിന്നവരുടെ കടം പെരുകി.

പ്രളയത്തിൽ വീട് തകർന്നവർക്ക് കുറഞ്ഞത് 10,000 വീതമാണ് നൽകിയത്. വ്യാപാരി ക്ഷേമ ബോർഡിൽ അംഗത്വമുള്ളവർക്ക് 5,000 രൂപ കിട്ടി. പ്രളയ സമയത്ത് 458 കടകളാണ് റാന്നിയിലുണ്ടായിരുന്നത്. എന്നാൽ ബോർഡിൽ അംഗത്വമുണ്ടായിരുന്ന 45 വ്യാപാരികൾക്ക് മാത്രമാണ് തുക ലഭിച്ചത്. ലഭിച്ച തുകയുടെ ഇരുപത് ഇരട്ടിയിലേറെയാണ് നഷ്ടം. കോളേജ് വിദ്യാർത്ഥികൾ മൊബൈൽ ആപ്പുമായെത്തി സർവേ നടത്തിയതല്ലാതെ ശരിയായ നഷ്ടക്കണക്കെടുക്കാൻ ആരുമെത്തിയില്ല.

വ്യാപാരികളെ കരകയറ്റാൻ ഉജ്ജീവന പദ്ധതിയിലൂടെ സബ്സിഡിയുള്ള ലോൺ അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായിട്ടില്ല. എന്നാൽ ലോൺ ലഭിച്ചവർ സബ്സിഡിയില്ലാതെ പലിശ അടയ്ക്കുകയാണ്. നേരത്തേ ലോണെടുത്തിരുന്നവർക്ക് പുതിയത് കിട്ടിയതുമില്ല. പ്രളയത്തിൽ രണ്ട് ദിവസമാണ് റാന്നി പൂർണമായി മുങ്ങിക്കിടന്നത്.

'അതിശക്ത മഴയ്‌ക്കും ഉരുൾപൊട്ടലിനും പിന്നാലെ ഡാം ഷട്ടറുകൾ എല്ലാം ഒറ്റദിവസം തുറന്നതാണ് ഭീകരമായ പ്രളയമുണ്ടാക്കിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് വാട്ടർ റിസർച്ച് മേധാവി പി.പി. മജുംദാറിന്റെ നേതൃത്വത്തിലുള്ള പഠന സംഘവും പ്രളയം മനുഷ്യ നിർമ്മിതമെന്ന് കണ്ടെത്തി. ഡാം മാനേജ്മെന്റ് സംവിധാനത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകൾ സർക്കാർ അംഗീകരിച്ചില്ല".

- സി.വി. മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റ് പ്രസിഡന്റ്

'പ്രളയത്തിൽ നഷ്ടം സംഭവിച്ചവരുടെ പട്ടിക കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർക്ക് അയച്ചു. തങ്ങൾക്കുള്ള ചുമതല അതുമാത്രമായിരുന്നു".

- ജില്ലാ വ്യവസായ കേന്ദ്രം അധികൃതർ

'ഫയലുകൾ വിശദമായി പരിശോധിച്ചാലേ മറുപടി നൽകാൻ കഴിയൂ".

- ഫിനാൻസ് ഓഫീസർ

Advertisement
Advertisement