പൂന്തോട്ടത്തിൽ നിന്നയാളുടെ മേൽ മലമടങ്ങിയ മാലിന്യം വർഷിച്ച് വിമാനം, ഇങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ദ്ധർ

Thursday 21 October 2021 2:53 PM IST

ലണ്ടൻ : ഒഴിവു സമയം ചെലവഴിക്കുന്നതിനായി പൂന്തോട്ടത്തിലിറങ്ങി നടന്ന ബ്രിട്ടീഷ് പൗരനുണ്ടായത് മറക്കാനാവാത്ത അനുഭവം. പൂന്തോട്ടത്തിന് മുകളിലൂടെ പറന്ന വിമാനത്തിൽ നിന്നും മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ താഴേക്ക് വർഷിച്ചതാണ് ദുരന്തമായി മാറിയത്. വിൻഡ്സർ കാസിലിനടുത്താണ് സംഭവമുണ്ടായത്. ഡേവിസ് എന്നയാൾ ഒരു ഫോറത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലായിൽ ഉണ്ടായ ദുരനുഭവം ദി ഇൻഡപെഡന്റാണ് റിപ്പോർട്ട് ചെയ്തത്.

ഹീത്രൂ വിമാനത്താവളത്തിന് സമീപമാണ് ഡേവിസ് താമസിക്കുന്നത്. വിമാനത്തിൽ നിന്നുള്ള മാലിന്യ വർഷത്താൽ തന്റെ പൂന്തോട്ടമാകെ നാശമായെന്നും ഇയാൾ പരാതിപ്പെടുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിരിക്കുന്നത്. സാധാരണയായി വിമാനങ്ങളിൽ കക്കൂസിൽ നിന്നടക്കമുള്ള മലിനജലം ടാങ്കുകളിൽ സൂക്ഷിക്കുകയും വിമാനം ലാൻഡ് ചെയ്ത ശേഷം നീക്കംചെയ്യുകയുമാണ് ചെയ്യുന്നത്. പറക്കുമ്പോൾ വിസർജ്യ വസ്തുക്കൾ ഒഴുക്കി കളയുന്നത് അപൂർവത്തിൽ അപൂർവമായെ സംഭവിക്കു. ഇങ്ങനെ സംഭവിച്ചാലും ദ്രാവക രൂപത്തിൽ ഇവ ഭൂമിയിൽ പതിക്കില്ല. ആധുനിക വിമാനങ്ങളിലെ വാക്വം ടോയ്ലറ്റുകൾ കൂടുതൽ സുരക്ഷിതവുമാണ്.

വിമാനം സഞ്ചരിക്കുന്ന ഉയരത്തിലെ തണുത്ത താപനില കാരണമാണിത്. എന്നാൽ ചൂടുള്ള കാലാവസ്ഥയിൽ അപൂർവമായി ദ്രാവകാവസ്ഥയിൽ ഭൂമിയിൽ പതിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം പൂന്തോട്ടത്തിൽ നിന്നയാളുടെ മേൽ മാലിന്യം തള്ളിയ വിമാനം ഏതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Advertisement
Advertisement