മദ്യവില്പനശാലകൾ വാക്ക് - ഇൻ ഷോപ്പുകളാക്കണം: ഹൈക്കോടതി

Friday 22 October 2021 1:32 AM IST

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‌പനശാലകൾ വാക്ക് - ഇൻ ഷോപ്പുകളാക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബിവറേജസ് കോർപ്പറേഷന്റെയും വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നവംബർ ഒമ്പതിനു പരിഗണിക്കാൻ മാറ്റി.

ബെവ്കോ ഔട്ട്‌ലെറ്റുകളിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് തൃശൂരിലെ മൈ ഹിന്ദുസ്ഥാൻ പെയിന്റ്സ് സ്ഥാപന ഉടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. പുതിയ ബിവറേജസ് കോർപ്പറേഷൻ എം.ഡി ശ്യാം സുന്ദറിനെ ഹർജിയിൽ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

ഔട്ട്ലെറ്റുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പത്തെണ്ണം മാറ്റി സ്ഥാപിച്ചെന്ന് എക്സൈസ് കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 12 എണ്ണം മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ എതിർപ്പു കാരണം നാലെണ്ണം ഉപേക്ഷിക്കേണ്ടി വന്നു.

29 ഔട്ട്ലെറ്റുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി.