ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു

Thursday 21 October 2021 11:29 PM IST

തൊടുപുഴ: ഇടുക്കി അണക്കെട്ടിന് പിന്നാലെ ആശങ്കയുയർത്തി മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച്ച് ഡാമിലെ ജലനിരപ്പ് 135.20 അടിയാണ്. 136 അടിയിൽ ആദ്യത്തെയും 138ൽ രണ്ടാമത്തെയും മുന്നറിയിപ്പ് പുറപ്പെടുവിക്കും. തുടർന്ന് 140 അടിയിൽ ആദ്യത്തെയും 141ൽ രണ്ടാമത്തെയും ജാഗ്രതാ നിർദേശവും പുറപ്പെടുവിക്കും. അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയെത്തുമ്പോൾ മൂന്നാം ജാഗ്രതാ നിർദേശത്തോടൊപ്പം ഷട്ടർ തുറന്ന് ജലമൊഴുക്കും.

ഡാം തുറക്കേണ്ട ചുമതല തമിഴ്നാട് സർക്കാരിനാണ്. നിലവിൽ 3820 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 1867 ഘനയടി തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇത് രണ്ടായിരമായി ഉയർത്തിയേക്കും. എന്നാൽ ഇന്നലെ മുതൽ തമിഴ്നാട്ടിലും മഴ ശക്തമായിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വെള്ളം ഒഴുകിയെത്തുക ഇടുക്കി അണക്കെട്ടിലാണ്. നിലവിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നിട്ടും ജലനിരപ്പ് ഉയരുകയാണ്. 2398.08 അടിയിലാണ് ഇടുക്കിയുടെ ഷട്ടർ തുറന്നത്. എന്നാൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 2398.32 അടിയിലെത്തി.

തമിഴ്നാട് പുതിയ റൂൾ കർവ് പാലിക്കുമോ
പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് റൂൾ കർവ്. ഈ പരിധി കവിഞ്ഞാൽ ഡാം തുറക്കേണ്ടി വരും. മുല്ലപ്പെരിയാറിന് റൂൾ കർവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട് നൽകിയ പുതിയ റൂൾ കർവ് കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഈ മാസം 21 മുതൽ 30 വരെ 137.75 വരെ മാത്രമാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ അനുമതിയുള്ളത്. ഇതിന് ഒരടി താഴെ 136.75 അടിയെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കേണ്ടതാണ്. ഇത് തമിഴ്നാട് പാലിക്കുമോയെന്നാണ് അറിയേണ്ടത്. ജലകമ്മിഷന്റെ റിപ്പോർട്ട് 25ന് സുപ്രീംകോടതി പരിഗണിക്കും. ഈ റൂൾ കർവ് അനുസരിച്ച് വർഷത്തിൽ രണ്ട് തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയിൽ വെള്ളം സംഭരിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടാകും. ഇതിനെ കേരളം എതിർത്തിരുന്നു.

Advertisement
Advertisement