പെറ്റിയടിക്കാൻ വിലാസം തെറ്റിച്ചാൽ 3വർഷം ജയിൽ

Thursday 21 October 2021 11:36 PM IST

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുമ്പോൾ തെറ്റായ വിലാസവും വ്യാജപേരും നൽകുന്നവർ കുടുങ്ങും. ആൾമാറാട്ടത്തിന് ക്രിമിനൽ കേസെടുക്കും. മൂന്നുവർഷം വരെ തടവും പിഴയുമോ രണ്ടും കൂടിയോ ലഭിക്കാം.

സീറ്റ് ബെൽറ്റിടാതെ ചടയമംഗലത്ത് പിടിയിലായ യുവാവ് അയോദ്ധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന വിലാസം നൽകുകയും പൊലീസ് അതേ വിലാസത്തിൽ പെറ്റിയടിക്കുകയും ചെയ്തത് വിവാദമായിരുന്നു. സമൂഹമാദ്ധ്യമത്തിൽ ഇത് വൈറലായതോടെ, കാറിന്റെ ഉടമ കാട്ടാക്കട സ്വദേശി നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 419 (ആൾമാറാട്ടം), കേരള പൊലീസ് ആക്ടിലെ 121,മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്. തട്ടിപ്പുകാരെ കണ്ടെത്താൻ വാഹനപരിശോധന പൂർണമായി കാമറയിൽ പകർത്തണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.