ചെറിയ കുറ്റങ്ങൾക്ക് വീട്ടുതടങ്കൽ മതിയാകും : കുവൈറ്റ്

Friday 22 October 2021 2:02 AM IST

കുവൈറ്റ് സിറ്റി: രാജ്യത്തെ ജയിൽ നിയമങ്ങൾ നവീകരിക്കാനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ലഭിച്ചാൽ ജയിലിൽ പോകുന്നതിന് പകരം സ്വന്തം വീടുകളിൽ വച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന രീതി നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് പബ്ലിക് പ്രൊസിക്യൂഷൻ അന്തിമ രൂപം നൽകിയതായാണ് റിപ്പോർട്ട്. കുറ്റകൃത്യം, ശിക്ഷാ കാലാവധി, തടവുകാരന്റെ പെരുമാറ്റം എന്നിവ പരിഗണിച്ചായിരിക്കും തീരുമാനം. സ്വദേശികളും വിദേശികളുമായ തടവുകാർക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ വീടുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവർ നിയമ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യേക നിരീക്ഷണ സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. കാലിൽ ധരിക്കുന്ന ഇലക്ട്രോണിക് വളയാണിത്. സ്വന്തം നിലയ്ക്ക് അഴിച്ചെടുക്കാൻ കഴിയാത്ത ഈ വള ധരിക്കുന്നവർ എവിടേക്കൊക്കെ നീങ്ങുന്നുവെന്ന് അധികൃതർക്ക് നിരീക്ഷിക്കാനാവും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് അഴിച്ചുമാറ്റാൻ സാധിക്കൂ. നിയമ ലംഘനം നടത്തി വീടിന് പുറത്തിറങ്ങിയാൽ അവരുടെ വീട്ടുതടങ്കൽ ഒഴിവാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരാനാണ് അധികൃതരുടെ നിർദ്ദേശം.

വിവിധ കുറ്റങ്ങൾക്ക് മൂന്നു വർഷം വരെ കോടതി ശിക്ഷ വിധിച്ചവർക്കാണ് ഈ രീതിയിൽ വീട്ടിൽ തടവിൽ പാർക്കാൻ അനുവാദം നൽകുക. അടിപിടി കേസുകൾ, വിശ്വാസ വഞ്ചന തുടങ്ങിയ അത്ര ഗുരുതരമല്ലാത്ത കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കാണ് വീട്ടുതടങ്കലിനുള്ള അവസരം ലഭിക്കുകയെന്നാണ് റിപ്പോർട്ട്.