തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പിയുടെ കിടന്ന് പ്രതിഷേധം, മറികടന്ന് മേയർ, നടന്നത് നാടകീയ സംഭവങ്ങൾ

Friday 22 October 2021 5:05 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പിനെതിരെ ബി.ജെ.പി കൗണ്‍സിലർമാര്‍ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ കോര്‍പ്പറേഷന്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍. കോർപ്പറേഷനിലെ നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി സമരം ചെയ്യുന്ന ബി ജെ പി കൗൺസിലർമാർ, മേയര്‍ ആര്യ രാജേന്ദ്രന്‍ കൗണ്‍സിലില്‍ പ്രവേശിക്കുന്നത് തടയാന്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.

ഇതുകണ്ട് മേയർക്ക് സംരക്ഷണമൊരുക്കി ഇടത് കൗൺസിലർമാരും എത്തി. ഇതാേടെ സംഘര്‍ഷഭരിതമായ സാഹചര്യമാണുണ്ടായത്. വിവരമറിഞ്ഞ് പൊലീസും എത്തി . പൊലീസ് സഹായത്തോടെയാണ് മേയറെ ഡയസിലേക്ക് എത്തിച്ചത്. ബി ജെ പി കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇടത് അംഗങ്ങൾ മേശകൾ ചാടിക്കടന്നാണ് സ്വന്തം ഇരിപ്പിട‌ത്തിൽ എത്തിയത്. പൊലീസ് സംരക്ഷണയിലാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ബി ജെ പി സമരത്തിനെതിരെ പ്രമേയം പാസാക്കി യോഗം പിരിഞ്ഞു. ഈ സമയത്തും കൗണ്‍സില്‍ ഹാളിനുള്ളില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. നേരത്തേ നികുതിവെട്ടിപ്പിൽ നടപടിവേണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബി ജെ പി, യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.

നികുതിവെട്ടിപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരുപതുദിവസത്തിലധികമായി ബി ജെ പി പ്രതിഷേധത്തിലാണ്. രണ്ട് ദിവസമായി നിരാഹാരസമരവും ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാണ് ബി ജെ പി യുടെ ആവശ്യം.