അനങ്ങൻമലയുടെ താഴ്വാരത്തെ കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദ്ദേശം

Saturday 23 October 2021 12:37 AM IST

ഒറ്റപ്പാലം: ജില്ലയിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേലൂരിൽ അനങ്ങൻമലയുടെ താഴെ താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിക്കാൻ റവന്യൂ വകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും പ്രദേശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അടിയന്തര സഹചര്യത്തിൽ മേലൂരിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മേലൂർ എൽ.പി സ്‌കൂളിലാണ് ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

മേലൂരിലെ കീഴ്പ്പാടം, ഭരതപ്പാറ കോളനികളിൽ താമസിക്കുന്ന കുടുംബങ്ങളോടാണ് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ഉരുൾപ്പൊട്ടലുണ്ടായാൽ നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളാണിവ. കീഴ്പ്പാടം കോളനിയിൽ 14 കുടുംബങ്ങളും ഭരതപ്പാറയിൽ 19 കുടുംബങ്ങളുമാണ് ഉള്ളത്. ഭരതപ്പാറ കോളനിയിൽ നേരിട്ട് ബാധിക്കുന്ന ഏഴ് കുടുംബങ്ങളാണ് ഉള്ളതെങ്കിലും അപകട സാഹചര്യം മുൻനിർത്തിയാണ് എല്ലാവരോടും മാറാൻ വേണ്ടി പറഞ്ഞിട്ടുള്ളത്.

നിലവിൽ കുടുംബങ്ങളാരും മാറി താമസിച്ച് തുടങ്ങിയിട്ടില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മാറാമെന്ന നിലപാടിലാണ് കുടുംബങ്ങൾ. ഉപജീവനമാർഗമായ ആട്, പശു, കോഴി പോലെയുള്ളവയെ വിട്ട് മാറി താമസിക്കാനുള്ള ബുദ്ധിമുട്ടും കുടുംബങ്ങൾ വ്യക്തമാക്കുന്നു. 2018 ലാണ് ഭരതപ്പാറ കോളനിയിൽ ഉരുൾപ്പൊട്ടലുണ്ടായത്. 2019 ആഗസ്റ്റിൽ മേലൂർ കീഴ്പ്പാടം കോളനിയിലും ഉരുൾപ്പൊട്ടലുണ്ടായി.