24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ

Saturday 23 October 2021 12:00 AM IST

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിലായി. ചേവരമ്പലം സ്വദേശി ഹരികൃഷ്ണൻ (24), ചേവായൂർ സ്വദേശി ആകാശ് ( 24), ചാലപ്പുറം സ്വദേശി പി.ആർ രാഹുൽ (24), മലപ്പുറം സ്വദേശിനി ബിജിലാസ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പട്രോളിംഗിനിറങ്ങിയ അസി. സബ് ഇൻസ്പെക്ടർമാരായ എം.പി പ്രവീൺകുമാർ, അരുൺ, രതീഷ്‌കുമാർ എന്നിവരാണ് മിംസ് ആശുപത്രിയ്ക്ക് സമീപം മലബാർ ഹോട്ടലിന് പിറകുവശത്തു നിന്ന് ഇവരെ പിടികൂടിയത്. ഇരുട്ടത്ത് രണ്ട് സ്കൂട്ടറുകൾക്കടുത്തായി നിൽക്കുന്നവരെ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ബാഗിൽ 4 ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി ഒളിപ്പിച്ചിരുന്ന 24 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്.

ഇവരുടെ സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എ.രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.

Advertisement
Advertisement