ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടയടി കുത്തേറ്റ യുവാവ് മരിച്ചു

Saturday 23 October 2021 12:00 AM IST

കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുവണ്ണൂർ ആവണീശ്വരം രാഖി നിവാസിൽ മുരളീധരൻ പിള്ളയുടെ മകൻ രാഹുലാണ് (29) കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. കുത്തേറ്റ ആവണീശ്വരം ചക്കുപാറ പ്ളാക്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (26), സഹോദരൻ വിനീത് (ശിവൻ-25), മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. പഴയ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേർന്ന് മർദ്ദിച്ചു. തുടർന്ന് പ്രശ്നം പറഞ്ഞുതീ‌ർക്കാനായി വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കര വിജയാസ് ആശുപത്രിക്ക് മുന്നിലേക്ക് സിദ്ദിഖിന്റെ ആളുകൾ വിളിപ്പിക്കുകയും അടിപിടിയിലെത്തുകയുമായിരുന്നു. ആശുപത്രിയുടെ ഉപകരണങ്ങളും കണ്ണാടിച്ചിലുകളും തല്ലിത്തകർത്തു. ഓപ്പറേഷൻ തിയേറ്ററിലും പ്രസവ മുറിയിലുമടക്കം അക്രമികൾ ഓടിക്കയറി. ആശുപത്രിക്കകത്ത് വച്ചാണ് മൂന്നുപേർക്കും കുത്തേറ്റത്. രാഹുലിന് സാരമായി പരിക്കേറ്റിരുന്നു.

സംഭവത്തിൽ പിടിയിലായ കൊല്ലം കരിക്കോട് മുണ്ടോലി താഴേതിൽ അഖിൽ (26), കൊട്ടാരക്കര പള്ളിയ്ക്കൽ വിജയഭവനിൽ വിജയകുമാർ (24), കൊട്ടാരക്കര പുലമൺ ശ്രേയസ് ഭവനിൽ ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ സജയകുമാർ (സന്തോഷ്-28) എന്നിവർ റിമാൻഡിലാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ മുമ്പും നിരവധി അടിപിടി, അക്രമ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇരുപതിലധികം പ്രതികൾ ഉണ്ടെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.

സെക്കൻഡ് ഹാൻഡ് വാഹന കച്ചവടമായിരുന്നു രാഹുലിന്റെ തൊഴിൽ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. അമ്മ: ശ്രീദേവിഅമ്മ. സഹോദരി: രാഖി.

Advertisement
Advertisement