എ.ഐ.എസ്.എഫ് വനിതാ നേതാവിനെ കടന്നു പിടിച്ചു;7 എസ്.എഫ്.ഐക്കാർക്കെതിരെ കേസ്

Saturday 23 October 2021 12:00 AM IST

കോട്ടയം: എം.ജി സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, കോട്ടയം ജില്ലാ പ്രസിഡന്റ് ദീപക്, നേതാക്കളായ ടോണി കുര്യാക്കോസ്, പ്രജിത്ത് ബാബു, ഷിയാസ് ഇസ്‌മയിൽ, സുധിൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് കേസ്. പരാതിക്കാരി പരാമർശിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എം.അരുണിന്റെ പേര് കേസെടുത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്‌ത്രീത്വത്തെ അപമാനിക്കൽ, ദളിത് പീഡനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

''അൻപതോളം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗം അരുൺ അടക്കമുള്ളവരാണ് നേതൃത്വം നൽകിയത്. സഹോദര സംഘടനയെന്നതു പോലും പരിഗണിച്ചില്ല. മാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കഴുത്തിലും പുറത്തും തലയിലുമടക്കം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. വനിതാ കമ്മിഷനും പരാതി നൽകും''

-എ.ഐ.എസ്.എഫ്

വനിതാ നേതാവ്

'ഫാസിസ്റ്റ് സമീപനങ്ങളിൽ നിന്ന് എസ്.എഫ്‌.ഐ നേതൃത്വം പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിരോധം സംഘടിപ്പിക്കും. സംഘപരിവാറിന്റെ മനസുള്ള പ്രവർത്തകരെ കണ്ടെത്തി നടപടിയെടുക്കണം''

-എ.കബീർ,

പ്രസിഡന്റ്,

എ.ഐ.എസ്.എഫ്

Advertisement
Advertisement