ചാക്കിലെ തൂക്കം പല തരത്തിൽ; പിഴ റേഷൻ വ്യാപാരികൾക്കും!
Saturday 23 October 2021 12:00 AM IST
കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് അരി നൽകുന്നതിലെ പാളിച്ചകൾ റേഷൻ വ്യാപാരികളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ആക്ഷേപം. ഭക്ഷ്യധാന്യങ്ങൾ 45 മുതൽ 55 കിലോഗ്രാം വരെ ചാക്കിൽ നിറച്ചാണ് നിലവിൽ റേഷൻ കടകളിൽ എത്തിക്കുന്നത്. എന്നാൽ, കടകളിൽ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഇതു പരിഗണിക്കാതെ അളവ് വ്യത്യാസത്തിന്റെ പേരിൽ വ്യാപാരികൾക്ക് പിഴ ചുമത്തുകയാണെന്ന് റേഷൻ ഡീലർമാരുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു. നിലവിലെ സ്റ്റോക്ക് പരിശോധനാ മാനദണ്ഡം ഉപേക്ഷിക്കാനുംകൃത്യമായ അളവിൽ 50 കിലോഗ്രാം തോതിൽ ധാന്യങ്ങൾ നൽകാനും ഭക്ഷ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകണമെന്ന് എ.കെ.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ നേതാക്കളായ അഡ്വ.ജോണി നെല്ലൂർ, അഡ്വ.ജി. കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, കാടാമ്പുഴ മൂസ എന്നിവർ ആവശ്യപ്പെട്ടു.