സ്വർണക്കടത്തിൽ കസ്റ്റംസ് കുറ്റപത്രം, സ്വപ്‌നയും ശിവശങ്കറും ഉൾപ്പെടെ 29 പ്രതികൾ

Friday 22 October 2021 11:44 PM IST

മുഖ്യപ്രതികൾ ഗൂഢാലോചന നടത്തി

ശിവശങ്കറിന് സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നു

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരുൾപ്പെടെ 29 പേരെ പ്രതികളാക്കി കസ്‌റ്റംസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എം. ശിവശങ്കർ 29 -ാം പ്രതിയാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സാക്ഷിമൊഴികളും രേഖകളും ഉൾപ്പെടെ മൂവായിരത്തോളം പേജുണ്ട്.

തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് തിരുവനന്തപുരം എയർപോർട്ട് കസ്റ്റംസ് 2020 ജൂലായ് അഞ്ചിനാണ് 14.82 കോടി രൂപ വിലവരുന്ന 30.44 കിലോ സ്വർണം പിടിച്ചത്. പ്രതികൾ 21 തവണയായി 167.07 കിലോ സ്വർണം നയതന്ത്രചാനലിലൂടെ കടത്തിയെന്നും ഒന്നാംപ്രതി പി.എസ്. സരിത്ത്, രണ്ടാംപ്രതി സ്വപ്ന സുരേഷ്, മൂന്നാംപ്രതി സന്ദീപ്, നാലാംപ്രതി കെ.ടി റമീസ് തുടങ്ങിയ മുഖ്യപ്രതികൾ ഇതിനായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.

ദുബായിൽ നിന്ന് സ്വർണം കേരളത്തിലെത്തിച്ച് വ്യക്തികൾക്ക് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി. കെ.ടി. റമീസ് സ്വർണക്കടത്ത് കോഡിനേറ്റ് ചെയ്തു. സ്വർണക്കടത്തിനായി പണം നൽകിയവരും ജൂവലറി ഉടമകളുമൊക്കെയാണ് മറ്റു പ്രതികൾ.

രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും ഇല്ല

സ്വർണക്കടത്തിൽ രാഷ്ട്രീയ നേതാക്കൾക്കും ഉന്നതവ്യക്തികൾക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കോടതികളിൽ പലതവണ വ്യക്തമാക്കിയെങ്കിലും കുറ്റപത്രത്തിൽ ഇത്തരം പരാമർശങ്ങളില്ല. നിലവിൽ ഇത്തരത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

യു.എ.ഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമിലി എന്നിവരെ ചോദ്യം ചെയ്യാതെ ഉന്നതരാഷ്ട്രീയ നേതാക്കൾക്കോ വി.ഐ.പികൾക്കോ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്താനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. ഇവരെ ചോദ്യം ചെയ്യാൻ കേന്ദ്രവിദേശ മന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല.

സ്വർണം കണ്ടെടുത്തില്ല

പ്രതികൾ 21 തവണയായി 167.07 കിലോ സ്വർണം കടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും ഇത് പൂർണമായും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. കള്ളക്കടത്ത് സ്വർണം പല കൈമറിഞ്ഞ് ആഭരണങ്ങളാക്കി മാറ്റി. ചില പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കള്ളക്കടത്ത് സ്വർണം ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

Advertisement
Advertisement