പെലച്ചി എന്ന പേരിൽ ഒരു കലയും ഉണ്ടാവില്ല, അങ്ങനെ ഉണ്ടായാൽ പുരോഗമനമാവില്ല എന്ന് അടിമകളായി നിൽക്കുന്ന കലാകാരൻമാർക്ക് അറിയാമെന്ന് ഹരീഷ് പേരടി

Friday 22 October 2021 11:57 PM IST

തിരുവനന്തപുരം: എം.ജി. സർവകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്.എഫ്.ഐ നേതാക്കളിൽ നിന്നുണ്ടായ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കുലംകുത്തി എന്ന പേരിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല. അങ്ങനെ ഉണ്ടായാൽ അത് പുരോഗമനമാവില്ല എന്ന് അടിമകളായി നിൽക്കുന്ന ബുദ്ധിമാൻമാരായ കലാകാരൻമാർക്കറിയാം. അതുകൊണ്ട് തന്നെ ഇനി പെലച്ചി എന്ന പേരിൽ ഒരു കലയും ഉണ്ടാവില്ല. തന്പ്രാക്കൻമാരുടെ സ്വന്തം നാട്... മധുവിന്റെ ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യവാൻമാരാണ് അല്ലേ എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

എസ്.എഫ്‌.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന്​ അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നും എ.ഐ.എസ്.എഫ് വനിതാ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി.എ., അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം. അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്എ.ഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.