ആപ്പിലാക്കും ആപ്പുകൾ

Saturday 23 October 2021 1:14 AM IST

കൊച്ചി: പണം പോകും, പണിയാകുമെന്നും അടിക്കടി മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ല. സംസ്ഥാനത്ത് കെ.വൈ.സി തട്ടിപ്പിന് ശമനമില്ല. ഫോൺ ഹാക്ക് ചെയ്യുന്ന ആപ്പുകളാണ് തട്ടിപ്പുകാരുടെ പുതിയ തുറുപ്പുചീട്ട്. കൊച്ചിയിൽ ഉന്നതപദവി വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്റെയടക്കം ലക്ഷങ്ങളാണ് പോയത്. പശ്ചിമബംഗാളിലെ സംഘമാണ് പിന്നിൽ.

പ്രതിദിനം 30ലധികം കെ.വൈ.സി തട്ടിപ്പു കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബാങ്കുകളും മൊബൈൽ സേവന ദാതാക്കളും ദിവസവും ബോധവത്കരണ സന്ദേശങ്ങൾ നൽകി​യി​ട്ടും മലയാളി​കൾ പഠി​ക്കുന്നി​ല്ലെന്നതാണ് ആശ്ചര്യം. ജോലിവാഗ്ദാനം നൽകിയുള്ള സൈബ‌ർ തട്ടിപ്പുകളും ഇതോടൊപ്പം വ‌ർദ്ധിച്ചുവരികയാണ്. ഒരു വനിതയാണ് ഇതിനു പിന്നിൽ. ഇവ‌ർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആളെ വീഴ്ത്തുന്ന ആപ്പ്

പ്ലേ സ്റ്റോറിലുള്ള ക്യുക്ക് സ‌പ്പോ‌ർട്ട്, ടീംവ്യൂവർ‌ എന്നീ ആപ്പുകളാണ് സംഘം ഉപയോഗിക്കുന്നത്. ഈ ആപ്പ് ഇൻസ്റ്രാൾ ചെയ്യുന്നതിലൂടെ ഫോണിന്റെ നിയന്ത്രണം നഷ്ടമാകും. പുറമെ, ആപ്പ് ഉപയോഗിക്കാനെന്ന വ്യാജേന കൈമാറുന്ന സീക്രട്ട് പിൻ നമ്പർ എന്റ‌ർ ചെയ്യുന്നതോടെ ബാങ്ക് വിവരമടക്കം പോകും. കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഒന്നര ലക്ഷം രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്. മറ്റൊരാളുടെ 30,000 രൂപ മൂന്ന് തവണയായി തട്ടിയെടുത്തു. നിരവധിപ്പേ‌ർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് മൂലം പരാതിപ്പെടാൻ മടിക്കുകയാണ്. ഇതാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ തഴച്ചുവളരാൻ പ്രധാനകാരണം.

ആപ്പ് തട്ടിപ്പ് രീതി

• ബാങ്ക് എക്സിക്യൂട്ടീവ് ചമഞ്ഞ് കാൾ ചെയ്യും

• ബാങ്കിൽ നൽകിയ സിം ഉടൻ കട്ടാകുമെന്ന് അറിയിക്കും

• തുടരാൻ കെ.വൈ.സി പുതുക്കാൻ ആവശ്യപ്പെടും

• ക്യുക്ക് സപ്പോ‌ർട്ട്, ടീം വ്യൂവ‌ർ ആപ്പിലൊന്ന് ഇൻസ്റ്റാൾ ചെയ്യിക്കും

• ഇൻസ്റ്റാൾ വെരിഫിക്കേഷൻ നമ്പറായി​ ഒ.ടി.പി.കൈക്കലാക്കും

• അക്കൗണ്ടും പിൻനമ്പറും മനസിലാക്കി പണം തട്ടിയെടുക്കും

 കെ.വൈ.സി

ഇടപാടുകാരെ തി​രി​ച്ചറി​ൽ രേഖകളും ആധാറും പാനും മറ്റും ഉപയോഗി​ച്ച് ഉറപ്പാക്കുന്ന പ്രക്രി​യയാണ് നോ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി​ പ്രക്രി​യ. കെ.വൈ.സി വിവരങ്ങൾ ബാങ്കുകൾ നിശ്ചിത കാലങ്ങളിൽ പുതുക്കും.

 ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. ജാഗ്രത പുലർത്തണം

കൊച്ചി സിറ്റി പൊലീസ്

Advertisement
Advertisement